ഹരിതകർമ സേന ഇനി ഇ-മാലിന്യവും ശേഖരിക്കും

സംസ്ഥാനത്തെ എല്ലാ കോർപ്പറഷനുകളിലും മുനിസിപ്പാലിറ്റികളിലുമുള്ള വീടുകളിലും സ്ഥാപനങ്ങളിലും നിന്നുമാണ് ഹരിതകർമ സേന ഇ-വേസ്റ്റ് ശേഖരിക്കുന്നത്. മാലിന്യം ശേഖരിക്കുമ്പോൾ ഒരു നിശ്ചിത തുക ഹരിത കർമസേന വീടുകളിൽ നൽകും. ഇതിനായി മുൻകൂർ തുക ഹരിത കർമസേനയുടെ കൺസോർഷ്യം ഫണ്ടിൽ നിന്നും ചിലവഴിക്കുകയും മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറുമ്പോൾ ടി തുക ഹരിത കർമസേനയുടെ സർവീസ് തുക ഉൾപ്പെടെ ക്ലീൻ കേരള കമ്പനി ഹരിത കർമസേന കൺസോർഷ്യത്തിന് നൽകും. ഇതിനായി ഹരിത കർമസേനയ്ക്കുള്ള പരിശീലനം സംസ്ഥാന വ്യാപകമായി ആരംഭിച്ചു കഴിഞ്ഞു. ശേഖരിക്കപ്പെടുന്ന ആപത്കരമായ ഇ മാലിന്യത്തിന് തദ്ദേശ സ്ഥാപനങ്ങൾ നിശ്ചിത തുക ക്ലീൻ കേരള കമ്പനിക്ക് നൽകണം.

വര്‍ഷത്തില്‍ 2 തവണയാകും ഓരോ പ്രദേശത്തും ഇ മാലിന്യ ശേഖരണത്തിന് ഹരിതകര്‍മസേനയെത്തുക. ആദ്യ ഘട്ടത്തില്‍ നഗരസഭ, കോര്‍പറേഷന്‍ പരിധിയിലാകും പദ്ധതി നടപ്പിലാകുക. തുടര്‍ന്ന് മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ഘട്ടം ഘട്ടമായി പദ്ധതി വ്യാപിപ്പിക്കും. കൃത്യമായ വില നല്‍കിയാണ് ഇ-മാലിന്യങ്ങള്‍ ശേഖരിക്കുക.

പഴയ ഫ്രിഡ്ജിന് കിലോയ്ക്ക് 21 രൂപയും ലാപ്‌ടോപ്പിന് 104 രൂപയും നല്‍കും. എല്‍സിഡി/എല്‍ഇഡി ടിവി-16 രൂപ, ടോപ് ലോഡ് വാഷിങ് മെഷീന്‍-21 രൂപ, ഫ്രണ്ട് ലോഡ് വാഷിങ് മെഷീന്‍-12 രൂപ, സീലിങ് ഫാന്‍-41 രൂപ, മൊബൈല്‍ ഫോണ്‍-115, സ്വിച്ച് ബോര്‍ഡ്-17 രൂപ, എസി-58 രൂപ എന്നിങ്ങനെയാണ് ഒരു കിലോഗ്രാമിനുള്ള നിരക്ക്.