സർക്കാർ ഓഫീസുകളിൽ ജോലിയിൽ സഹായിക്കാൻ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്(എഐ) എത്തുന്നു. കെൽട്രോൺ വികസിപ്പിച്ചെടുത്ത എ.ഐ. സോഫ്റ്റ്വേർ ടൂളുകളായ ഡിജി സ്മാർട്ടും കെല്ലിയും സേവനത്തിന് സജ്ജമായി.
ഫയലുകൾ ഡിജിറ്റലൈസ് ചെയ്യാനാണ് ഡിജി സ്മാർട്ട്. സർക്കാർ വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും പ്രധാനമായതിനാൽ ക്ലൗഡിൽ നൽകാനാവില്ല. അതിനാൽ ജെനറേറ്റീവ് എ.ഐ. വഴി ഓപ്പൺ സോഴ്സിൽ ലഭിക്കുന്ന മെറ്റയുടെ ലാമ 2 എന്ന മോഡലും ലാമ ഇന്റക്സ് എന്ന ടൂളും ഉപയോഗിച്ചാണ് ചാറ്റ്ബോട്ട് തയ്യാറാക്കിയത്. ഇതുപയോഗിച്ച് ഡിജിറ്റലൈസ് ചെയ്യുമ്പോൾ 10 പേർ ചെയ്യുന്ന ജോലി ഒരാൾക്ക് ചെയ്യാനാകും. നിർമിതബുദ്ധിയുടെ സേവനത്തിന് വിവിധ വകുപ്പുകൾ കെൽട്രോണുമായി ചർച്ച നടത്തുന്നുണ്ട്.
നിർമിതബുദ്ധിയിലൂടെ കെൽട്രോൺ സൃഷ്ടിച്ച ചാറ്റ്ബോട്ടാണ് കെല്ലി. വെർച്വൽ റിസപ്ഷനിസ്റ്റായി ഉപയോഗിക്കാം. ജനങ്ങളുടെ ചോദ്യങ്ങൾക്ക് കെല്ലി കൃത്യമായി ഉത്തരം പറയും.