തിരുവനന്തപുരവും കോഴിക്കോടുമടക്കം രാജ്യത്തെ 30 നഗരങ്ങളെ ഭിക്ഷാടന വിമുക്തമാക്കാനുള്ള പദ്ധതിയുമായി കേന്ദ്രം

കേരളത്തിൽ തിരുവനന്തപുരം, കോഴിക്കോട് അടക്കം രാജ്യത്തെ 30 നഗരങ്ങളെ 2026ഓടെ ഭിക്ഷാടന വിമുക്തമാക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം. തീർത്ഥാടന, വിനോദസഞ്ചാര, ചരിത്ര പ്രാധാന്യം കണക്കിലെടുത്താണ് നഗരങ്ങളെ തിരഞ്ഞെടുത്തത്.

30 നഗരങ്ങളിലെ പ്രധാന ഭിക്ഷാടന കേന്ദ്രങ്ങൾ കണ്ടെത്താനും ഭിക്ഷക്കാരുടെ വിവരങ്ങൾ ശേഖരിക്കാനുമുള്ള സർവെ തുടങ്ങിക്കഴിഞ്ഞു. ഭിക്ഷയാചിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും പുനരധിവാസം അടക്കമാണ് പദ്ധതി.

‘ഭിക്ഷാവൃത്തി മുക്ത് ഭാരത്’ (ഭിക്ഷാടനം മുക്ത ഇന്ത്യ) എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഏകീകൃത സർവേയും പുനരധിവാസ മാർഗ്ഗനിർദ്ദേശങ്ങളും നടപ്പാക്കാൻ ഒരു ദേശീയ പോർട്ടലും മൊബൈൽ ആപ്പും ഫെബ്രുവരി പകുതിയോടെ സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം പുറത്തിറക്കും. ഭിക്ഷാടനത്തിൽ ഏർപ്പെട്ടവരുടെ ഡാറ്റ നഗരങ്ങളിലെ അധികാരികൾ മൊബൈൽ ആപ്പിൽ അപ്‌ഡേറ്റ് ചെയ്യും. പുനരധിവസിപ്പിക്കുവർക്ക് ഷെൽട്ടറുകൾ തയ്യാറാക്കൽ, നൈപുണ്യ പരിശീലനം നൽകൽ, വിദ്യാഭ്യാസം, പുനരധിവാസം എന്നിവ സംബന്ധിച്ച പുരോഗതിയും പോർട്ടലിൽ ലഭ്യമാകും. കോഴിക്കോട്, വിജയവാഡ, മധുര, മൈസൂരു എന്നിവിടങ്ങളിൽ സർവേ പൂർത്തിയായി.