സ്വർണവില കേരളത്തിൽ ‘മാജിക്സംഖ്യ’ തൊടാൻ 440 രൂപ അകലം മാത്രം

ഇസ്രയേലിനെതിരെ  ഇറാൻ പ്രത്യാക്രമണം നടത്തുകയും ഇറാനെ വീണ്ടും ഇസ്രയേൽ തിരിച്ചടിക്കാനും തുടങ്ങിയതോടെ സ്വർണവില ‘തീപിടിച്ച്’ കുതിച്ചുകയറുന്നു. രാജ്യാന്തര വിപണിയുടെ  ചുവടുപിടിച്ച് കേരളത്തിൽ ഇന്ന് സ്വർണവില ഗ്രാമിന് 25 രൂപ വർധിച്ച് 9,320 രൂപയും പവന് 200 രൂപ ഉയർന്ന് 74,560 രൂപയുമായി.

രണ്ടും എക്കാലത്തെയും ഉയരമാണ്. ഇന്നലെ കുറിച്ച ഗ്രാമിന് 9,295 രൂപയും പവന് 74,360 രൂപയമെന്ന റെക്കോർഡ് തകർന്നു. 75,000 രൂപയന്ന നാഴികക്കല്ലിലേക്ക് പവനു മുന്നിൽ ഇനി 440 രൂപയുടെ അകലം മാത്രം. 10,000 രൂപയെന്ന ‘മാജിക്സംഖ്യ’യിലേക്കെത്താൻ ഗ്രാമിന് മുന്നിലുള്ളത് 680 രൂപയുടെ ദൂരവും. ഇന്നലെ ഗ്രാമിന് 195 രൂപയും പവന് 1,560 രൂപയും ഒറ്റയടിക്ക് കൂടിയിരുന്നു.

കഴിഞ്ഞ ഒരുമാസത്തിനിടെ മാത്രം കേരളത്തിൽ സ്വർണവില ഗ്രാമിന് കൂടിയത് 710 രൂപയും പവന് കൂടിയത് 5,680 രൂപയുമാണ്. വിവാഹം ഉൾപ്പെടെയുള്ള വിശേഷാവശ്യങ്ങൾക്ക് സ്വർണാഭരണം വാങ്ങാൻ ശ്രമിക്കുന്നവരെയാണ് ഈ വിലക്കുതിപ്പ് കൂടുതൽ നിരാശരാക്കുന്നത്. ഈ മാസം മാത്രം ഇതുവരെ പവന് 3,200 രൂപയും ഗ്രാമിന് 400 രൂപയും കൂടി.