ആൻഡ്രോയ്‌ഡിലെ ജിമെയിലിൽ ഇനി ജെമിനി ടച്ചും

ആൻഡ്രോയ്ഡ് ഫോണുകളിലെ ജിമെയിൽ ആപ്പിൽ ഗൂഗിളിന്‍റെ എഐ മോഡലായ ജെമിനിയുടെ സേവനമെത്തുന്നു. ഇതോടൊപ്പം ജെമിനി എഐ അടിസ്ഥാനമാക്കിയുള്ള ക്യു&എ ഫീച്ചറും അവതരിപ്പിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ജൂണിൽ തന്നെ ജിമെയിലിന്‍റെ വെബ് വേർഷനിൽ ജെമിനി അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കും സേവനങ്ങൾ ലഭ്യമാക്കുകയാണ്. ജെമിനി സബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് മാത്രമേ ഇത് ഉപയോഗിക്കാനാവൂ. വൈകാതെ പുതിയ ഫീച്ചർ ഐഒഎസിലും എത്തുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

ഒരാളുടെ ജിമെയിൽ ഇൻബോക്സുകൾ മുഴുവൻ വായിക്കാൻ ജെമിനിക്കാകും. നിങ്ങൾക്ക് ആവശ്യമായി ഇമെയിലുകൾ തിരഞ്ഞ് കണ്ടെത്താനും ഈ എഐ ടൂളിന്‍റെ സഹായം തേടിയാൽ മതി. കൂടാതെ ആവശ്യമായ വിവരങ്ങൾ അടങ്ങിയ ഇമെയിലുകൾ കണ്ടുപിടിക്കാനും ആവശ്യപ്പെടാം. കമ്പനിയുടെ പുതിയ മാർക്കറ്റിങ് ക്യാംപയിനിന്‍റെ ബജറ്റിനെ കുറിച്ച് പോലും ഇതിനോട് ചോദിക്കാം. ഇമെയിലുകൾ പരിശോധിച്ച് ആവശ്യമായ വിവരങ്ങൾ ഇവർ നല്‍കും. പ്രതിമാസ റിപ്പോർട്ടുകൾ നല്‍കുന്ന ഇമെയിലുകൾ കാണിക്കൂ എന്ന് ആവശ്യപ്പെട്ടാൽ പ്രസ്തുത വിവരങ്ങൾ അടങ്ങിയ ഇമെയിലുകൾ കാണാനാവും. 

ഭാവിയിൽ ഗൂഗിൾ ഡ്രൈവിലുള്ള ഫയലുകളിലേയും ഡോക്യുമെന്‍റിലേയും വിവരങ്ങൾ തിരയുന്നതിനും ഈ എഐ ഫീച്ചർ ഉപയോഗിക്കാനാവുമെന്നാണ് ഗൂഗിൾ പറയുന്നത്. ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ ഫീച്ചർ എല്ലാവരിലേക്കും എത്തും. ജെമിനി ബിസിനസ്, എന്‍റർപ്രൈസ്, എജ്യുക്കേഷൻ, എജ്യുക്കേഷൻ പ്രീമിയം, ഗൂഗിൾ വൺ എഐ പ്രീമിയം എന്നീ സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളിൽ എതെങ്കിലും എടുത്തിട്ടുള്ളവർക്ക് മാത്രമേ ഈ ഫീച്ചറുകൾ ഉപയോഗിക്കാനാവൂ.