വെളുത്തുള്ളിക്ക്‌ 450, ചെറിയ ഉള്ളിക്ക്‌ കുറഞ്ഞു

തിരുവനന്തപുരത്ത് വെളുത്തുള്ളി കിലോയ്‌ക്ക്‌ 450– 500 രൂപ. തമിഴ്‌നാട്ടിൽ ചിലയിടങ്ങളിൽ 550 രൂപവരെ വില ഉയർന്നു. മധ്യപ്രദേശ്‌, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽനിന്നുള്ള വരവ്‌ കുറഞ്ഞതാണ്‌ വില ഉയരാൻ കാരണമെന്ന്‌ വ്യാപാരികൾ പറഞ്ഞു. ഒരുമാസംമുമ്പ്‌ കിലോയ്ക്ക് 150 രൂപയായിരുന്നു. രണ്ടാഴ്‌ചയ്ക്കകം വില കുറഞ്ഞു തുടങ്ങുമെന്ന്‌ വ്യാപാരികൾ പറഞ്ഞു.

ഒക്‌ടോബർ, നവംബർ മാസങ്ങളിൽ മഴ പെയ്‌തതിനാൽ ഉൽപ്പാദനത്തിൽ വലിയ കുറവാണ്‌ ഉണ്ടായത്‌. മധ്യപ്രദേശിൽ ഒരു കിലോ വെളുത്തുള്ളിക്ക്‌ 300 രൂപവരെ കർഷകർക്ക്‌ ലഭിക്കുന്നുണ്ടെന്ന്‌ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു.

അതേസമയം, 100 രൂപയ്‌ക്ക്‌ മുകളിലേക്ക്‌ ഉണ്ടായിരുന്ന ചെറിയ ഉള്ളിക്ക്‌ വില കുത്തനെ കുറഞ്ഞു. കിലോയ്ക്ക് 45–50 രൂപ വരെയാണ് തിരുവനന്തപുരത്ത് ബുധനാഴ്ചത്തെ വില. സവാളയ്ക്കും വില കുറഞ്ഞു. കിലോയ്‌ക്ക്‌ 30– 35 രൂപവരെയാണ്‌ വില.