ഗർഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കി ഫ്രാൻസ്

ഗർഭച്ഛിദ്രം ഭരണഘടനാ അവകാശമാക്കണമെന്ന ഭേദ​ഗതി ബിൽ ഫ്രാൻസ് പാർലമെന്റ് അം​ഗീകരിച്ചു. ഇതോടെ ഗർഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഫ്രാൻസ് മാറി. പാർലമെന്റിലെ ഇരുസഭകളും സംയുക്ത സമ്മേളനം ചേർന്ന് നടത്തിയ അന്തിമ വോട്ടെടുപ്പിൽ 72നെതിരെ 780 വോട്ടുകൾക്കാണ് ബിൽ പാസായത്. വോട്ടെടുപ്പിനുപിന്നാലെ പാരിസിലെ ഈഫൽ ടവറിൽ ആഘോഷങ്ങൾ തുടങ്ങി.

ഫ്രാൻസിന്റെ ഭരണഘടനയിലെ ഇരുപത്തഞ്ചാമത്തെയും 2008-നു ശേഷമുള്ള ആദ്യത്തെയും ഭേദഗതിയാണിത്. ഫ്രാൻസിന്റെ അഭിമാനം എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പുതിയ നിയമത്തെ വിശേഷിപ്പിച്ചത്.

ഭേദഗതി ബില്ലിന് നേരത്തെ ഫ്രഞ്ച് സെനറ്റിന്റെ അംഗീകാരം ലഭിച്ചിരുന്നു. പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 267 അംഗങ്ങൾ അനുകൂലമായി വോട്ടുചെയ്തു. 50 പേർ എതിർക്കുകയും ചെയ്തു.