പുതുമഴയിൽ പുഴയും തോടും കരകവിയുമ്പോൾ ഊത്തപിടിക്കാൻ ഇറങ്ങുന്നവർ ശ്രദ്ധിക്കുക – നിങ്ങളെ കാത്തിരിക്കുന്നത് 15,000 രൂപ പിഴയും മൂന്നുമാസം തടവും. മത്സ്യങ്ങളുടെ പ്രജനനകാലമായ ജൂൺ, ജൂലായ് മാസങ്ങളിൽ ഉൾനാടൻ മത്സ്യബന്ധനം നിയമവിരുദ്ധമാണെന്ന് ഫിഷറീസ് വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഊത്തപിടിത്തത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെയാണ് വകുപ്പ് നടപടി കടുപ്പിക്കാൻ തീരുമാനിച്ചത്. ദൃശ്യങ്ങൾ പങ്കുവെക്കുന്നവർക്കെതിരേയും നടപടിയെടുക്കും. ശുദ്ധജലത്തിൽ മുട്ടയിടുന്നതിനാണ് മത്സ്യങ്ങൾ വെള്ളത്തിനൊപ്പം വയലിലേക്കും പുഴയിലേക്കും കയറിവരുന്നത്. ഈ സമയത്ത് അവയുടെ വയർനിറയെ മുട്ടകളായിരിക്കും. കൂട്ടത്തോടെ എത്തുന്ന മീനുകൾക്ക് വേഗവും കുറവായിരിക്കും. മീൻവേട്ട വ്യാപകമായത് ശുദ്ധജലമത്സ്യങ്ങളുടെ വംശനാശത്തിനിടയാക്കുമെന്ന സ്ഥിതി വന്നതോടെയാണ് ഊത്തപിടിത്തം നിരോധിച്ചത്.
വെള്ളമൊഴുകുന്ന വഴിയിൽ തടസ്സം വരുത്തിയും അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ചും മത്സ്യങ്ങളെ പിടിക്കുന്നത് കേരള അക്വാകൾച്ചർ ആൻഡ് ഇൻലാൻഡ് ഫിഷറീസ് ആക്‌ട് പ്രകാരമാണ് നിരോധിച്ചിരിക്കുന്നത്. ഫിഷറീസ്, റവന്യൂ, പോലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വിഷയത്തിൽ നടപടി സ്വീകരിക്കാമെന്ന് അധികൃതർ അറിയിച്ചു.
മത്സ്യങ്ങൾ പുഴകളിൽനിന്നും മറ്റു ജലാശയങ്ങളിൽനിന്നും വയലുകളിലേക്കും ചെറുതോടുകളിലേക്കും ചതുപ്പുകളിലേക്കും കനാലുകളിലേക്കും കൂട്ടത്തോടെ കയറിവരുന്ന ദേശാന്തരഗമന പ്രതിഭാസമാണ് ഊത്ത. ഊത്തൽ, ഊത്തകയറ്റം, ഏറ്റുമീൻ കയറ്റം തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നുണ്ട്.
തെക്കു-പടിഞ്ഞാറൻ കാലവർഷത്തിൻ്റെ തുടക്കത്തിലാണ് മീനുകളുടെ സഞ്ചാരം തുടങ്ങുന്നത്. സംസ്ഥാനത്തെ 44 നദികളിലും 127 ഉൾനാടൻ ജലാശയങ്ങളിലുമായി 210 ഇനം ശുദ്ധജല മത്സ്യങ്ങളാണുള്ളത്.
പരൽ, വരാൽ, കൂരി, കുറുവ, ആരൽ, മുഷി, പല്ലൻ കുറുവ, മഞ്ഞക്കൂരി, കോലൻ, പള്ളത്തി, മനഞ്ഞിൽ എന്നിവയാണ് ഊത്തയ്ക്ക് കൂടുതലായും കണ്ടുവരുന്നത്.