വിഴിഞ്ഞം സ്വപ്നം യാഥാർത്ഥ്യമാകുന്നു, ആദ്യ കണ്ടെയിനർ മദർഷിപ്പ് 12 നെത്തും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒടുവിൽ യാഥാർത്ഥ്യമാകുന്നു. ആദ്യ കണ്ടെയിനർ മദർഷിപ്പ് ഈ മാസം 12 ന് വിഴിഞ്ഞത്ത് എത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വൻ സ്വീകരണമൊരുക്കാനാണ് സർക്കാരിന്‍റെ തീരുമാനം. ചടങ്ങിലേക്ക് പതിനായിരം പേർക്ക് ക്ഷണമുണ്ടാകും. എല്ലാ നൂതന സജ്ജീകരണങ്ങളോടെയാണ് തുറമുഖം യാഥാർത്ഥ്യമാകുന്നതെന്ന് എം ഡി ദിവ്യ എസ് അയ്യർ പറഞ്ഞു.

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നുമാണ് വിഴിഞ്ഞത്തേക്ക് മദർഷിപ്പ് എത്തുന്നത്. വാണിജ്യാടിസ്ഥാനത്തിൽ തുറമുഖം പ്രവർത്തന സജ്ജമായി. വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീപോര്‍ട്ടിന് ഇറക്കുമതി-കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള കസ്റ്റംസിന്റെ അനുമതി ലഭിച്ചിരുന്നു.

ഇന്ത്യയുടെ കടല്‍വഴിയുള്ള രാജ്യാന്തര ചരക്കുനീക്കത്തിന് വിഴിഞ്ഞം തുറമുഖം വഴിയൊരുക്കും. സ്വാഭാവികമായ കപ്പല്‍ചാലിനോട് ഏറ്റവും അടുത്തുകിടക്കുന്ന തുറമുഖമാണ് വിഴിഞ്ഞം.