ഔഷധവിപണിയിൽ പ്രമുഖർക്കും വ്യാജന്മാർ; കർശന നടപടികളുമായി അധികൃതർ

ഇന്ത്യൻ ഔഷധവിപണിയിൽ വ്യാജന്മാരുടെ വിളയാട്ടം ശക്തമായി തുടരുന്നതിന്റെ സൂചനകൾ വീണ്ടും. പ്രമുഖ കമ്പനികളുടെ വിൽപ്പനയുള്ള ബ്രാൻഡുകളിൽ പോലും വ്യാജന്മാരുണ്ട്. കേന്ദ്ര ഡ്രഗ്‌സ് വിഭാഗം കഴിഞ്ഞമാസം നടത്തിയ പരിശോധനയിൽ ഇത്തരത്തിലുള്ള രണ്ട് മരുന്നുകളുടെ വ്യാജന്മാരെ കണ്ടെത്തി. ഇതോടെ പരിശോധനകൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.

ആമാശയസംബന്ധമായ അസുഖങ്ങൾക്കുള്ള പാൻ 40 മരുന്നിൻ്റെ ബിഹാറിൽ നിന്നുള്ള സാമ്പിളാണ് വ്യാജനാണെന്ന് തെളിഞ്ഞത്. ഈ ബാച്ച് മരുന്നുണ്ടാക്കിയിട്ടില്ലെന്ന് ബ്രാൻഡിന്റെ നിർമാതാക്കൾ രേഖാമൂലം അധികൃതരോട് വ്യക്തമാക്കി.

അണുബാധയ്ക്കെതിരേയുള്ള അമോക്സിസിലിനും ക്ലോവുനിക് ആസിഡും ചേർന്ന ഓഗ്മെൻ്റിൻ 650 മരുന്നിന്റെ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നുള്ള സാമ്പിളും വ്യാജനാണെന്ന് കണ്ടെത്തി. ഇതിന്റെ നിർമാതാക്കളും ഈ ബാച്ച് ഉണ്ടാക്കിയിട്ടില്ലെന്ന് അറിയിച്ചിട്ടുണ്ട്.

രണ്ടു കേസുകളിലും കൂടുതൽ അന്വേഷണം നടത്തിവരുകയാണ്. നിർമാതാക്കളാരാണെന്നും മരുന്നിന്റെ പാർശ്വഫലമെന്തൊക്കെയാണെ ന്നുമുള്ള അന്വേഷണമാണ് നടക്കുന്നത്. രണ്ട് സംസ്ഥാനത്തും വ്യാജമരുന്നുകൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. തെലങ്കാന, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ ഡ്രഗ്‌സ് കൺട്രോൾ വിഭാഗവും പരിശോധന ശക്തമാക്കിയിട്ടുണ്ട്.