താപനില വർദ്ധനയിൽ രാജ്യത്ത് തന്നെ മുമ്പന്തിയിലാണ് കേരളം. വീണ്ടും താപനില ഉയരുമെന്ന് മുന്നറിയിപ്പുണ്ട്. സൂര്യൻ ഭൂമദ്ധ്യരേഖയ്ക്ക് നേരെ മുകളിലായിയെത്തുന്ന ഇക്വനോസ് പ്രതിഭാസമാണ് കാരണം. മാർച്ച് 22-23 തീയതികളിലാണ് സൂര്യൻ ഭൂമദ്ധ്യ രേഖയ്ക്ക് നേരെ മുകളിലെത്തുക.
എല്ലാ ജില്ലയിലും 37 മുതൽ 40 ഡിഗ്രി സെൽഷ്യസിലേക്ക് വരെ താപനില എത്തിയേക്കും. നിലവിൽ 35-38 ഡിഗ്രി സെൽഷ്യസാണ് ചൂട്. പോയവർഷം മൺസൂൺ, തുലാവർഷം, ശൈത്യകാലം എന്നിവ കാര്യമായി കേരളത്തിന് ലഭിച്ചിട്ടില്ല. മാത്രമല്ല, എൽനിനോ പ്രതിഭാസവും അറബിക്കടലിലെ താപനിലയും ഉയർന്ന് നിൽക്കുകയുമാണ്. നിർമ്മാണ പ്രവർത്തനങ്ങളും മരംമുറിയും ഇപ്പോഴത്തെ ചൂടിന് കാരണമാണ്.
ചൂടോട് ചൂട്
തമിഴ്നാട്, കർണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളും കേരളത്തോടൊപ്പം വറചട്ടിക്ക് സമാനമാകും. കനത്ത ചൂടിനെത്തുടർന്ന് 9 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് യെലോ അലർട്ട്. ഇവിടെ 2-4 ഡിഗ്രി വരെ ചൂട് കൂടാം.
വേണം അരുമകൾക്കും കരുതൽ
തുടർച്ചയായ ദിവസങ്ങളിൽ ചൂട് ഉയർന്ന് നിൽക്കുന്നത് മനുഷ്യർക്കു മാത്രമല്ല, ജന്തുജാലങ്ങൾക്കും കൃഷിക്കും ദോഷകരമാകുന്നുണ്ട്. ഉച്ചസമയത്തെ ചൂട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. തുടർച്ചയായി ചൂടേൽക്കുന്നത് സൂര്യാതപത്തിനും നിർജ്ജലീകരണത്തിനും കാരണമാകും. അന്തരീക്ഷ താപനിലയും റോഡിലെ പൊടിയും കൂടിയതോടെ ജലദോഷം ഉൾപ്പെടെയുള്ല രോഗങ്ങളും കൂടിയിട്ടുണ്ട്.