കരുതലും കൈത്താങ്ങും’ അദാലത്തിലൂടെ കോട്ടയം ജില്ലയിൽ പരിഹരിച്ചത് 1347 പരാതികൾ. മന്ത്രിമാരായ വി എൻ വാസവനും റോഷി അഗസ്റ്റിനും അഞ്ച് താലൂക്കുകളിലുമെത്തിയാണ് പരാതികൾക്ക് സമയബന്ധിതമായി പരിഹാരമുണ്ടാക്കിയത്.
തുടർപ്രവർത്തനങ്ങളും തിങ്കളാഴ്‌ച തുടങ്ങി. അവശേഷിച്ച പരാതികൾ തീർപ്പാക്കാൻ കലക്‌ട്രേറ്റിൽ ചേർന്ന ജില്ലാ അദാലത്തിലും മന്ത്രിമാരായ വി എൻ വാസവനും റോഷി അഗസ്‌റ്റിനും പങ്കെടുത്ത് പരാതികൾ പരിഹരിച്ചു.
മെയ് 2, 4, 6, 9, 20 തീയതികളിലാണ് കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, വൈക്കം, മീനച്ചിൽ താലൂക്കുകളിലായി അദാലത്തുകൾ സംഘടിപ്പിച്ചത്. ആകെ 2564 പരാതികൾ ലഭിച്ചു. തിങ്കളാഴ്‌ചത്തെ അദാലത്തിൽ ഉദ്യോഗസ്ഥതലത്തിൽ പരിഹാരമാകാതിരുന്ന 30 പരാതികളും വന്നു. ഇവയും 14 പുതിയ പരാതികളുമാണ് തീർപ്പാക്കിയത്. ഇതോടെ ജില്ലയിൽ 1347 പരാതികൾ അദാലത്തിലൂടെ പരിഹരിച്ചു.
കാലിവളർത്തൽ ഫാമിലെ മാലിന്യപ്രശ്‌നം, സ്‌കോളർഷിപ്പ്, പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കുള്ള ധനസഹായം, തോട്ടിലെ നീരൊഴുക്ക് തടയുന്നത്, നടപ്പുവഴി, കെട്ടിടനമ്പർ ലഭിക്കാത്തത്, വീടുവയ്ക്കാൻ നിലംനികത്താൻ അനുമതി, സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവ് തുടങ്ങിയവയാണ് ജില്ലാ അദാലത്തിൽ മന്ത്രിമാർക്ക് മുന്നിലെത്തിയതിൽ പ്രധാനപ്പെട്ടവ. അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റണമെന്ന പരാതികളിൽ അടിയന്തരനടപടിയെടുക്കാൻ മന്ത്രിമാർ അദാലത്തിൽ ആവശ്യപ്പെട്ടു.
കോട്ടയം താലൂക്കിലാണ് ഏറ്റവും കൂടുതൽ പരാതികൾ പരിഹരിച്ചത്; 391 എണ്ണം. വൈക്കത്ത് 354, മീനച്ചിലിൽ 196, ചങ്ങനാശേരിയിൽ 192, കാഞ്ഞിരപ്പള്ളിയിൽ 170.
തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതൽ പരാതികൾ പരിഹരിച്ചത്. 501 എണ്ണം. താലൂക്ക് ഓഫീസുകളുമായി ബന്ധപ്പെട്ട് പരിഹരിക്കപ്പെട്ട പരാതികൾ: കോട്ടയം– 129, ചങ്ങനാശേരി– 26, കാഞ്ഞിരപ്പള്ളി– 15, മീനച്ചിൽ– 27, വൈക്കം– 99.