റേഷൻ കടയിലെ സ്റ്റോക്ക് വിവരം ബോർഡിൽ എഴുതി പ്രദർശിപ്പിക്കണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്

റേഷൻ കടയിലെ സ്റ്റോക്ക് വിവരം കടയുടമ വെറുതേ പറഞ്ഞാൽ പോര, ബോർഡിൽ എഴുതി പ്രദർശിപ്പിക്കണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് നിർദ്ദേശം നൽകി. സംസ്ഥാനത്തെ പല റേഷൻകടകളിലെ സ്റ്റോക്കിലും ഇ – പോസ് ബില്ലിങ്ങിലും വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് കരിഞ്ചന്ത തടയുകയെന്ന ലക്ഷ്യവുമായി നടപടി ശക്തമാക്കിയത്.

അതത് ദിവസത്തെ സ്റ്റോക്ക് ലിസ്റ്റ് ഉപഭോക്താക്കൾക്ക് കാണാൻ കഴിയുന്നവിധത്തിൽ റേഷൻ കടയ്ക്ക് മുമ്പിൽ എഴുതി പ്രദർശിപ്പിക്കണം. ഇത് കൃത്യമായി നടക്കുന്നുണ്ടോയെന്ന് റേഷനിംഗ് ഇൻസ്പെക്ടർ പരിശോധിക്കുകയും വേണം.

റേഷൻ കടകൾ സ്റ്റോക്ക് ലിസ്റ്റ് പ്രദർശിപ്പിക്കണമന്ന ഉത്തരവ് വർഷങ്ങൾക്ക് മുമ്പേയുള്ലതാണ്. എന്നാൽ ഇത് പ്രദർശിപ്പിക്കാതെ തട്ടിപ്പിനുള്ല ഉപാധിയാക്കുന്നുവെന്ന വ്യാപക കണ്ടെത്തലിനെത്തുടർന്നാണ് നടപടി കർശനമാക്കിയത്. കാർഡുടമകൾക്ക് അർഹതപ്പെട്ട വിഹിതം പല കടകളിലും നൽകുന്നില്ലെന്നും വ്യാപക പരാതിയുണ്ട്. വാങ്ങാത്ത റേഷൻ സാധനങ്ങൾ ബില്ലിൽ രേഖപ്പെടുത്തി മറിച്ചു വിൽക്കുക, ബില്ലിലെ അളവിൽ നിന്ന് കുറച്ചുകൊടുക്കുക തുടങ്ങിയ ക്രമക്കേടുകൾ വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു.