സംസ്ഥാനത്തെ നീതിന്യായ ചരിത്രത്തിലെ അത്യപൂർവ വിധിയാണ് രൺജിത്ത് ശ്രീനിവാസൻ കൊലക്കേസിലുണ്ടായത്. ബി ജെ പി ഒ ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഭിഭാഷകന് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികൾക്കും വധശിക്ഷയാണ് കോടതി വിധിച്ചത്. ഇത്രയും പ്രതികള്‍ക്ക് ഒന്നിച്ച് വധശിക്ഷ വിധിക്കുന്നത് സംസ്ഥാന നീതിന്യായ ചരിത്രത്തില്‍ ആദ്യമാണ്. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവിയാണ് വിധി പറഞ്ഞത്.
2021 ഡിസംബര്‍ 19നാണ് രൺജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ക്കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊന്നത്. ഡിസംബര്‍ 18ന് രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ ആലപ്പുഴ മണ്ണഞ്ചേരിയില്‍ വെച്ച് കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഈ കൊലപാതകം. പ്രതികൾ എല്ലാവരും എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്.
ആലപ്പുഴ ഡിവൈഎസ്പിയായിരുന്ന എന്‍ ആര് ജയരാജാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് 156 സാക്ഷികളെ വിസ്തരിച്ചു. ആയിരത്തോളം രേഖകള്‍ ഹാജരാക്കി. വിരലടയാളങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍, ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകള്‍ തുടങ്ങിയവ ഹാജരാക്കിയിരുന്നു.
പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്നാണ് വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി പറഞ്ഞത്. 15ല്‍ 14 പ്രതികളും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു. ഒരാള്‍ രോഗബാധിതനായി ആശുപത്രിയിലായതിനാല്‍ വന്നില്ല. കോടതി വിധിയിൽ സംതൃപ്തരെന്ന് രണ്‍ജീത് ശ്രീനിവാസിന്റെ കുടുംബം പ്രതികരിച്ചു. നഷ്ടം വളരെ വലുതാണ്. എന്നാൽ കോടതി വിധിയിൽ ആശ്വാസമുണ്ട്. കേസ് അന്വേഷണ സംഘത്തോടും പ്രോസിക്യൂട്ടറോടും നന്ദി അറിയിക്കുന്നുവെന്നും രണ്‍ജീതിന്റെ ഭാര്യ ലിഷ പറഞ്ഞു. പോലീസിന് വലിയ നേട്ടമാണ് വിധിയെന്ന് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ പ്രതികരിച്ചു. വിധി സ്വാഗതാർഹമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും കൂടുതൽ പേർക്ക് വധശിക്ഷ അഹമ്മദാബാദ് സ്ഫോടന പരമ്പര കേസില്‍
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ഇതുവരെ ഏറ്റവും കൂടുതൽ പേർക്ക് വധശിക്ഷ വിധിച്ചത് 2008ലെ അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിലാണ്. ഈ കേസിൽ 38 പേർക്കാണ് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. രാജീവ് ഗാന്ധി വധക്കേസിൽ 26 പേർക്ക് ടാഡാ കോടതി വധശിക്ഷ വിധിച്ചു. 2010ൽ ബീഹാറിൽ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗ കേസിൽ 16 പേർക്കാണ് കോടതി വധശിക്ഷ വിധിച്ചത്. ഉജ്ജയിൻ സ്ഫോടനക്കേസിൽ ഏഴ് പേർക്കും കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്.