മധ്യപ്രദേശിനും ബംഗാളിനും മുകളിൽ ഇരട്ട ന്യൂനമർദം; കേരളത്തിൽ മഴ ശക്തമാകും

വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലില്‍ നിലവിൽ രൂപപ്പെട്ട ചക്രവാതചുഴി ന്യൂനമർദമായി ശക്തി പ്രാപിച്ചെന്ന് കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം വ്യക്തമാക്കി. നേരത്തെ രൂപംകൊണ്ട ന്യൂനമർദവും സജീവമായി തുടരുകയാണ്. നിലവിൽ മധ്യപ്രദേശിനും ബംഗാളിനും മുകളിലായി ഇരട്ട ന്യൂനമർദം സ്ഥിതിചെയ്യുകയാണ്. അതേസമയം, കേരളത്തിൽ അടുത്ത 2,3 ദിവസങ്ങളിലും ഇടവിട്ടുള്ള കാറ്റും മഴയും തുടരും. ഇതിന്റെ തീവ്രത കൂടിയും കുറഞ്ഞുമായിരിക്കും. ജൂലൈ 17ന് ശേഷം കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്ന് രാജീവൻ എരിക്കുളം പറയുന്നു.

ചക്രവാതച്ചുഴി എന്നാൽ എന്ത്?

ന്യൂനമർദം രൂപപ്പെടുന്നതിനു മുന്‍പുള്ള കാറ്റിന്റെ കറക്കമാണ് ചക്രവാതച്ചുഴി. ന്യൂനമർദവും ഒരർഥത്തിൽ കാറ്റിന്റെ കറക്കം തന്നെ. കാറ്റിന്റെ ശക്തികുറഞ്ഞ കറക്കമാണ് ചക്രവാതച്ചുഴി. മർദ്ദവ്യതിയാനം കാരണം ചാക്രിക രീതിയിൽ കാറ്റു കറങ്ങുന്നതാണ് ചക്രവാതച്ചുഴിക്ക് ഇടയാക്കുന്നത്. അന്തരീക്ഷത്തിൽ വിവിധ ദിശയിൽ സഞ്ചരിക്കുന്ന കാറ്റ് മർദവ്യത്യാസം മൂലം ചക്രംപോലെ കറങ്ങും. ഘടികാരദിശയിലും എതിർഘടികാരദിശയിലും ഈ കറക്കം ഉണ്ടാകും. ഭൂമിയുെട ദക്ഷിണാർധ ഗോളത്തിൽ ഇത് ഘടികാര ദിശയിലും ഉത്തരാർധത്തിൽ ഇത് എതിർഘടികാരദിശയിലും ആണ് ഉണ്ടാകുക. ഭൂമിയുടെ കറക്കം കൊണ്ടുണ്ടാകുന്ന കൊറിയോലിസ് ബലമാണ് അർധഗോളങ്ങളിൽ ഇത്തരത്തിൽ വിപരീത ദിശകളിൽ ചക്രവാതച്ചുഴിക്ക് ഇടയാക്കുന്നത്.

ചക്രവാതച്ചുഴി ശക്തിപ്പെട്ടാൽ ന്യൂനമർദമാകും. എന്നാൽ എല്ലാ ചക്രവാതച്ചുഴിയും ന്യൂനമർദമാകണം എന്നില്ല. ചക്രവാതച്ചുഴി ന്യൂനമർദ്ദമാകുകയും അത് പിന്നീട് ഡിപ്രഷൻ അഥവാ തീവ്രന്യൂന മർദ്ദമാകുകയും പിന്നാലെ ഡീപ് ഡിപ്രഷൻ അഥവാ അതിതീവ്ര ന്യൂനമർദമാകുകയും ചെയ്താൽ മാത്രമേ ചുഴലിക്കാറ്റിലേക്കുള്ള വഴിതുറക്കുകയുള്ളൂ.