ശ്രീലങ്കൻ തീരത്തിന് സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ഡിറ്റ് വാ ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത. വടക്ക് – വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, ശ്രീലങ്കൻ തീരവും സമീപത്തെ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും വഴി നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്നാട് –പുതുച്ചേരി, തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഇന്നും നാളെയും കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്.
അതേസമയം, ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക്. ഡിറ്റ് വായുടെ സ്വാധീനത്തിൽ തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലും പുതുച്ചേരിയിലും അടുത്ത മൂന്ന് ദിവസം മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളെ വിവിധ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. ആന്ധ്രാ പ്രദേശ്, പുതുച്ചേരി തീരങ്ങളും കനത്ത ജാഗ്രതയിലാണ്.
