സിയുഇടി-യുജി പരീക്ഷ ഹൈബ്രിഡ് രീതിയിലേക്ക് മാറുന്നു

കേന്ദ്രസർവകലാശാല ഉൾപ്പെടെയുള്ള ദേശീയ സ്ഥാപനങ്ങളിലേക്കുള്ള ബിരുദപ്രവേശനത്തിനുള്ള സിയുഇടി – യുജി പരീക്ഷ ഹൈബ്രിഡ് രീതിയിൽ നടത്താൻ തീരുമാനമായി. ഈ വർഷം മുതലാണ് ഈ രീതി നടപ്പിലാക്കുന്നത്. രാജ്യത്തെ ഗ്രാമീണ മേഖലയിലേതുൾപ്പെടെ എല്ലാവർക്കും വീടിനടുത്ത് നിന്ന് തന്നെ പരീക്ഷയെഴുതാനായി ഇതിലൂടെ സാധിക്കും.

2022 ലാണ് സിയുഇടി യുജി പരീക്ഷ ആരംഭിക്കുന്നത്. മുൻവർഷങ്ങളിൽ കപ്യൂട്ടർ അധിഷ്‌ഠിതമായി പല ദിവസങ്ങളിലായിട്ടായിരുന്നു പരീക്ഷ നടത്തിയിരുന്നത്. പിന്നീട് നോർമ്മലൈസേഷനിലൂടെ മാർക്ക് ഏകീകരിച്ച് ഫലം പ്രസിദ്ധീകരിക്കുകയായിരുന്നു. കഴിഞ്ഞ വർഷം വരെ ഒരു വിദ്യാർത്ഥിക്ക് 10 വിഷയങ്ങൾ വരെ തിരഞ്ഞെടുക്കാം എന്നാൽ ഈ വർഷം മുതല്‍ ഇത് ആറെണ്ണമായി ചുരുങ്ങും. 3 പ്രധാന വിഷയങ്ങൾ, 2 ഭാഷകൾ, ഒരു ജനറൽ പരീക്ഷ എന്നിവയുൾപ്പെടെയാകും 6 വിഷയങ്ങൾ.

ഹൈബ്രിഡ് രീതി നിലവിൽ വരുന്നതോടെ പരീക്ഷ ദിനങ്ങളും, പരീക്ഷ കേന്ദ്രങ്ങളും കുറയ്ക്കാനും ഫലം വേഗത്തിൽ പ്രഖ്യാപിക്കാനും സാധിക്കും. ഗ്രാമീണ മേഖലകളിലും പരീക്ഷ കേന്ദ്രം സജ്ജീകരിക്കാനാവുമെന്ന് അധികൃതർ പറയുന്നു.

അടുത്തയാഴ്ച്ച മുതൽ ഈ വർഷത്തെ സിയുഇടി യുജി പരീക്ഷക്കുള്ള പരീക്ഷ രജിസ്ട്രേഷൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മെയ് 15 മുതൽ 31 വരെയാണ് ഈ വർഷത്തെ സിയുഇടി യുജി പരീക്ഷ.