128 വർഷത്തിന്‌ ശേഷം ക്രിക്കറ്റ്‌ ഒളിമ്പിക്‌സിലേക്ക്‌

128 വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് ഒളിമ്പിക്‌സിലേക്ക് തിരിച്ചെത്തുന്നു. 2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിലായിരിക്കും ഗെയിംസിലേക്കുള്ള ക്രിക്കറ്റിന്റെ തിരിച്ചുവരവ്. 1900ലെ പാരിസ് ഒളിമ്പിക്‌സിൽ ക്രിക്കറ്റൊരു മത്സരയിനമായി ഉൾപ്പെടുത്തിയിരുന്നു. ഫ്രാൻസും ഗ്രേറ്റ് ബ്രിട്ടനും തമ്മിലായിരുന്നു അന്ന് മത്സരം.

ട്വന്റി-20 ഫോർമാറ്റിലായിരിക്കും മത്സരങ്ങൾ. പകരക്കാരുൾപ്പെടെ 15 പേരുൾപ്പെടുന്ന ആറ് വീതം ടീമുകൾ വനിതാ-പുരുഷ വിഭാഗങ്ങളിൽ മത്സരിക്കും. യോഗ്യത മാനദണ്ഡങ്ങൾ എങ്ങനെയായിരിക്കും എന്നതിനെ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന അമേരിക്കയ്ക്ക് നേരിട്ട് യോഗ്യത ലഭിക്കും. ബാക്കി അഞ്ച് ടീമുകളെ നിശ്ചയിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കും.

പുതുതായി അഞ്ച് ഇനങ്ങളാണ് ഒളിമ്പിക്‌സിൽ ഉൾപ്പെടുത്തുന്നത്. ക്രിക്കറ്റിനോടൊപ്പം ബേസ്ബോൾ, ഫ്ലാഗ് ഫുട്ബോൾ, സ്ക്വാഷ്, ലാക്രോസ് എന്നിവയും 2028 ഒളിമ്പിക്സിൽ പുതിയ മത്സരയിനങ്ങളാകും. ക്രിക്കറ്റ് ഗെയിംസിന്റെ ഭാഗമാവുന്നതോടെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ വർധിക്കുന്നുണ്ട്.