ക്രെഡിറ്റ് സ്‌കോര്‍ എങ്ങനെ മെച്ചപ്പെടുത്താം?

വായ്പകള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും മറ്റും നിങ്ങള്‍ക്ക് യോഗ്യതയുണ്ടോ എന്ന് വിലയിരുത്തുന്ന മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്‌കോര്‍. ഒരു നല്ല ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തുക എന്നത് സാമ്പത്തിക ഭദ്രതയ്ക്ക് വളരെ പ്രധാനമാണ്. ക്രെഡിറ്റ് സ്‌കോര്‍ കണക്കാക്കുന്നതിന് നിരവധി മാനദണ്ഡങ്ങളുണ്ട്. ഇവ എന്തെന്നും ക്രെഡിറ്റ് സ്‌കോര്‍ എങ്ങനെ മെച്ചപ്പെടുത്താമെന്നും മനസിലാക്കാം.

ക്രെഡിറ്റ് സ്‌കോറിനെ സ്വാധീനിക്കുന്ന കാര്യങ്ങള്‍

നിങ്ങളുടെ പണമിടപാട് വിവരങ്ങള്‍: പേഴ്‌സണല്‍ ലോണുകള്‍, ഭവന വായ്പകള്‍, മറ്റ് ലോണുകള്‍, ക്രെഡിറ്റ് അക്കൗണ്ടുകള്‍ തുടങ്ങിയ ഇടപാടുകളെല്ലാം ചേര്‍ന്നതാണ് പേയ്‌മെന്റ് റെക്കോര്‍ഡ്. നിങ്ങളുടെ വായ്പാ തിരിച്ചടവ് മുടങ്ങല്‍, ജപ്തി, കടം എന്നിവ ക്രെഡിറ്റ് സ്‌കോറിനെ വളരെ മോശമായി ബാധിക്കും.

ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ അനുപാതം: നിങ്ങളുടെ ക്രെഡിറ്റിനെ ക്രെഡിറ്റ് ലിമിറ്റ് കൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്ന സംഖ്യയാണ് ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ അനുപാതം. ഈ അനുപാതം 30 ശതമാനത്തിന് മുകളിലാണെങ്കില്‍ ക്രെഡിറ്റ് സ്‌കോര്‍ കുറയും.

അക്കൗണ്ടുകളുടെ എണ്ണം: നിങ്ങളുടെ അക്കൗണ്ടുകളുടെ എണ്ണം ക്രെഡിറ്റ് സ്‌കോര്‍ കൂടുന്നതിന് സഹായിക്കും.

ക്രെഡിറ്റ് അപേക്ഷകളുടെ എണ്ണം: ക്രെഡിറ്റ് ആപ്ലിക്കേഷനുകളുടെ എണ്ണം വല്ലാതെ കൂടുന്നത് നിങ്ങള്‍ ക്രെഡിറ്റ് വല്ലാതെ ഉപയോഗിക്കുമെന്നും നിങ്ങള്‍ സാമ്പത്തിക അച്ചടക്കമില്ലായ്മയിലേക്ക് നീങ്ങുന്നുവെന്നും ഒരു പ്രതീതി ഉണ്ടാക്കുന്നു. അതിനാല്‍ വായ്പയോ ക്രെഡിറ്റോ അത്യാവശ്യമെങ്കില്‍ മാത്രം ഉപയോഗിക്കുക.

ക്രെഡിറ്റ് സ്‌കോര്‍ റേഞ്ചുകള്‍ മനസിലാക്കാം

800ന് മുകളില്‍– ലോണുകള്‍ ലഭിക്കാന്‍ ഏറ്റവുമെളുപ്പം

750-799 – നല്ല ക്രെഡിറ്റ് ഹിസ്റ്ററി, ലോണുകള്‍ ലഭിക്കാന്‍ വളരെയേറെ സാധ്യത

701-749- വളരെയെളുപ്പത്തില്‍ സ്‌കോര്‍ മെച്ചപ്പെടുത്താന്‍ സാധ്യതയുള്ള വിഭാഗം. ലോണുകള്‍ ലഭിക്കാനും ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭിക്കാനും ഏറെ സാധ്യത

651-700– പുതിയ ക്രെഡിറ്റിനായുള്ള യോഗ്യത നേടാന്‍ സാധ്യത അല്‍പ്പം കുറവ്

300-650 ക്രെഡിറ്റ്, വായ്പാ അപേക്ഷകള്‍ തിരസ്‌കരിക്കപ്പെടാന്‍ വളരെയേറെ സാധ്യത

ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താനുള്ള കുറച്ച് ടിപ്‌സ്

  • കൃത്യസമയത്ത് വായ്പകള്‍ അടച്ചുതീര്‍ക്കാന്‍ ശ്രമിക്കുക.
  • ക്രെഡിറ്റ് പരിധിയുടെ 50 ശതമാനത്തില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കുക
  • ചുരുങ്ങിയ സമയത്തിനുള്ളില്‍ വളരെയേറെ ലോണുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡിനും അപേക്ഷിക്കാതിരിക്കുക
  • ക്രെഡിറ്റ് റിപ്പോര്‍ട്ട് ഇടയ്ക്കിടെ പരിശോധിച്ച് കുറവുകള്‍ പരിഹരിക്കുക
  • ബില്ലുകള്‍ സമയപരിധിയ്ക്ക് മുന്‍പ് അടച്ചുതീര്‍ക്കാന്‍ ശ്രമിക്കുക