

അമേരിക്കയിൽ നിന്ന് തിരിച്ചയക്കപ്പെടുന്ന അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാൻ പനാമയ്ക്കും ഗ്വാട്ടിമലയ്ക്കും പിന്നാലെ കോസ്റ്റാറിക്കയും സന്നദ്ധത അറിയിച്ച് രംഗത്ത്. ഇതുപ്രകാരം ഇന്ത്യയിൽ നിന്നും മദ്ധ്യേഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള 200 കുടിയേറ്റക്കാരെ യാത്രാ വിമാനത്തിൽ ബുധനാഴ്ച കോസ്റ്റാറിക്കയിൽ എത്തിക്കും.
200 അനധികൃത കുടിയേറ്റക്കാരെ തങ്ങളുടെ രാജ്യങ്ങളിലേക്ക് തിരികെ അയക്കാനുള്ള ശ്രമങ്ങളിൽ അമേരിക്കയുമായി സഹകരിക്കാൻ കോസ്റ്റാറിക്ക സർക്കാർ തീരുമാനിക്കുകയായിരുന്നു എന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയിൽ നിന്നും മദ്ധ്യേഷ്യയിൽ നിന്നുമുള്ളവരായിരിക്കും രാജ്യത്ത് എത്തുകയെന്നും കോസ്റ്റാറിക്ക അറിയിച്ചിട്ടുണ്ട്.
തിരിച്ചയക്കപ്പെടുന്ന അനധികൃത കുടിയേറ്റക്കാരുടെ ആദ്യ ബാച്ച് ബുധനാഴ്ച യാത്രാ വിമാനത്തിൽ കോസ്റ്റാറിക്കയിൽ എത്തും. ഇവരെ പിന്നീട് പാനമ അതിർത്തിയിലുള്ള താത്കാലിക മൈഗ്രന്റ് കെയർ സെന്ററിലേക്കായിരിക്കും കൊണ്ടുപോവുക. ശേഷം അവിടെ നിന്ന് ഇവരുടെ സ്വന്തം രാജ്യങ്ങളിലേക്ക് കൊണ്ടുപോകും. പദ്ധതി പൂർണമായും അമേരിക്കയുടെ ചെലവിലായിരിക്കും നടപ്പാക്കുകയെന്നും ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ മേൽനോട്ടം ഉണ്ടാവുമെന്നും കോസ്റ്റാറിക്ക അറിയിച്ചു.
നേരത്തെ പാനമയും ഗ്വാട്ടിമലയും അമേരിക്കയുമായി സമാനമായ കരാർ ഉണ്ടാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ചൈന, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 119 അനധികൃത കുടിയേറ്റക്കാരെ കഴിഞ്ഞയാഴ്ച പാനമയിൽ എത്തിച്ചിരുന്നു. കരാർ ഉണ്ടാക്കിയെങ്കിലും ഗ്വാട്ടിമലയിൽ ഇതുവരെ ആരെയും അമേരിക്ക എത്തിച്ചിട്ടില്ല.