പാചകവാതകം ലഭിക്കാൻ മസ്റ്ററിങ് നിർബന്ധം; എങ്ങനെ ചെയ്യാം?

പാചകവാതക കണക്‌ഷൻ നിലനിർത്താൻ ബയോമെട്രിക് മസ്‌റ്ററിങ് നടപ്പാക്കിയതോടെ ഏജൻസി ഓഫീസുകളിൽ തിരക്ക്. മസ്‌റ്ററിങ് നടത്തേണ്ട അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം മൂലം ഒട്ടേറെ ഉപഭോക്‌താക്കളാണ് ഏജൻസികളിൽ എത്തുന്നത്.

മരിച്ചവരുടെ പേരിലുള്ള സിലിണ്ടറുകൾ മറ്റുള്ളവർ ഉപയോഗിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് മസ്‌റ്ററിങ് നിർബന്ധമാക്കുന്നത്. മസ്‌റ്ററിങ് നടത്താത്ത ഉപഭോക്താക്കൾക്കു പാചകവാതകം ബുക്കു ചെയ്യുന്നതിന് തടസ്സം നേരിടേണ്ടി വരും. പ്രധാനമന്ത്രി ഉജ്‌ജ്വൽ യോജനയിൽ ഉൾപ്പെട്ടവർക്കായിരുന്നു ഇതുവരെ മസ്‌റ്ററിങ് നിർബന്ധമായിരുന്നത്. എന്നാൽ ഇനി മുതൽ കണക്ഷനുള്ള എല്ലാവരും ഇതു നടത്തണമെന്നാണ് പാചകവാതക കമ്പനികൾ വിതരണക്കാർക്കു നൽകിയ സർക്കുലറിൽ പറയുന്നത്. ഇൻഡേൻ, ഭാരത്, എച്ച്‌പി പൊതുമേഖലാ കമ്പനികളുടെ ഏജൻസി ഓഫിസുകളിലെത്തി ഉപഭോക്‌താക്കൾക്ക് മസ്‌റ്ററിങ് നടത്താം.

വിരലടയാളം പതിക്കാനും കണ്ണിൻ്റെ കൃഷ്‌ണമണി സ്കാൻ ചെയ്യാനുമുള്ള ബയോമെട്രിക് ഉപകരണങ്ങൾ ഏജൻസികൾ സജ്ജമാക്കിയിട്ടുണ്ട്. യഥാർഥത്തിലുള്ള ഉപഭോക്താവാണോ എൽപിജി സിലിണ്ടറുകൾ കൈവശം വച്ചിരിക്കുന്നതെന്ന് അറിയാനുള്ള മസ്‌റ്റ‌റിങ് നടപ്പാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. മരിച്ചവരുടെ പേരിലുള്ള സിലിണ്ടറുകളടക്കം മറ്റുള്ളവർ ഉപയോഗിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് മസ്‌റ്ററിങ് നിർബന്ധമാക്കുന്നത്.

കണക്‌ഷൻ ഉടമ കിടപ്പുരോഗിയോ സ്‌ഥലത്തില്ലാത്തയാളോ പ്രായാധിക്യത്താൻ യാത്ര ചെയ്യാൻ പ്രയാസമുള്ള വ്യക്തിയോ ആണെങ്കിൽ, കുടുംബത്തിലെ റേഷൻ കാർഡിൽ പേരുള്ള മറ്റാരുടെയെങ്കിലും പേരിലേക്ക് കണക്‌ഷൻ മാറ്റി മസ്‌റ്ററിങ് നടത്താം. ഇതിനായി ആധാർ കാർഡ്, പാചകവാതക കണക്ഷൻ ബുക്ക്, റേഷൻ കാർഡ് എന്നിവയുമായി ഏജൻസി ഓഫിസിലെത്തണം.

മസ്‌റ്ററിങ് നടത്താൻ

  • പാചകവാതക കണക്‌ഷൻ ആരുടെ പേരിലാണോ അവർ ആധാർ കാർഡ്, പാചകവാതക കണക്‌ഷൻ ബുക്ക് എന്നിവയുമായി ഏജൻസിയുടെ ഓഫിസിൽ എത്തണം.
  • ഏജൻസി ഓഫിസിലെ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വിരലടയാളമോ കണ്ണിൻ്റെ കൃഷ്‌ണമണിയോ പതിപ്പിക്കാനാവും. ഇതിനു ശേഷം രജിസ്‌റ്റർ ചെയ്‌ത മൊബൈൽ നമ്പറിലേക്ക് ഇകെവൈസി അപ്ഡേറ്റായി എന്ന സന്ദേശം എത്തും.