

റിസർവ് ബാങ്ക് 50 രൂപയുടെ പുത്തൻ നോട്ട് ഉടൻ പുറത്തിറക്കും. മഹാത്മ ഗാന്ധി (ന്യൂ) സീരിസിലാണ് പുതിയ നോട്ടും എത്തുകയെന്നും ഇതിൽ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഒപ്പും ഉണ്ടാകുമെന്നും റിസർവ് ബാങ്ക് അറിയിച്ചു. ഡിസംബറിൽ വിരമിച്ച ശക്തികാന്ത ദാസിനു പകരക്കാരനായാണ് റിസർവ് ബാങ്കിന്റെ 26-ാം ഗവർണറായി സഞ്ജയ് മൽഹോത്ര ചുമതലയേറ്റത്.
മൽഹോത്രയുടെ കൈയൊപ്പ് പതിയുന്ന ആദ്യ 50 രൂപാ നോട്ടുകളാണ് ഉടൻ പ്രചാരത്തിലേക്ക് എത്തുക. പുതിയ നോട്ടിന്റെ രൂപകൽപനയ്ക്ക് നിലവിലെ നോട്ടിൽ നിന്ന് കാര്യമായ വ്യത്യാസമുണ്ടാകില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, നിലവിലുള്ള 50 രൂപാ നോട്ടുകളുടെ പ്രചാരം തുടരുകയും ചെയ്യും.
കറൻസി നോട്ടുകളുടെ പുതിയ പതിപ്പുകൾ ഇറക്കുകയെന്നത് റിസർവ് ബാങ്കിന്റെ സാധാരണ നടപടിക്രമം മാത്രമാണ്. സഞ്ജയ് മൽഹോത്രയുടെ കൈയൊപ്പുണ്ടാകുമെന്നാണ് ഇത്തവണത്തെ പ്രത്യേകത.