വിമാനങ്ങൾക്കും വിമാനത്താവളങ്ങൾക്കും നേരേയുള്ള വ്യാജ ബോംബ് ഭീഷണി വർധിക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥരെ വലയ്ക്കുന്നു. ഇതേത്തുടർന്ന് നടത്തേണ്ട അധിക പരിശോധനകൾ വിമാനങ്ങൾ വൈകാനുമിടയാക്കുന്നു. ഈ പശ്ചാത്തലത്തിൽ വ്യാജ ഭീഷണിക്കാരെ കണ്ടെത്തി കർശനനടപടികളെടുക്കാൻ തയ്യാറെടുക്കുകയാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്.). ഇത്തരക്കാർക്ക് അഞ്ചുവർഷത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്താനാണ് ആലോചന.
അടുത്തിടെ വിമാനത്താവളങ്ങൾക്കും വിമാനങ്ങൾക്കും വ്യാജ ബോംബ് ഭീഷണികൾ കൂടിയിട്ടുണ്ട്. പോലീസ് കണ്ടെത്തുമോയെന്നറിയാൻ തമാശയ്ക്ക് ഭീഷണിമുഴക്കിയ പതിമ്മൂന്നുകാരനെ ഏതാനും ദിവസംമുമ്പ് ഡൽഹി പോലീസ് പിടികൂടിയിരുന്നു.
ചൊവ്വാഴ്ച മാത്രം രാജ്യത്താകെ 41 വിമാനത്താവളങ്ങളിൽ ഇത്തരം വ്യാജ സന്ദേശങ്ങളെത്തി. കേരളത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനും ഭീഷണിസന്ദേശം ലഭിച്ചിരുന്നു. കെ.എൻ.ആർ. എന്ന പേരിലുള്ള ഓൺലൈൻ സംഘമാണ് ഇതിനുപിന്നിലെന്നാണ് സൂചന.