മനുഷ്യനെപ്പോലെ തൊട്ടാൽ പ്രതികരിക്കുന്ന ‘ഇലക്ട്രോണിക് ചർമ്മം’ വരുന്നു, യന്ത്രമനുഷ്യർക്കും ഇനി വേദനിക്കും!

റോബോട്ടുകൾ വികാരങ്ങളില്ലാത്ത ലോഹക്കഷ്ണങ്ങൾ മാത്രമാണെന്ന ധാരണ തിരുത്താൻ സമയമായി. മനുഷ്യന്‍റെ നാഡീവ്യൂഹത്തെ വെല്ലുന്ന തരത്തിൽ സ്പർശനവും വേദനയും തിരിച്ചറിയാൻ കഴിയുന്ന ഒരു നൂതന ‘ഇലക്ട്രോണിക് ചർമ്മം’ ഗവേഷകർ വികസിപ്പിച്ചെടുത്തു. വെറുമൊരു കവചം എന്നതിലുപരി, റോബോട്ടിന്‍റെ ശരീരത്തിന് സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ കെൽപ്പുള്ള ഒരു ബുദ്ധിപരമായ പാളിയായാണ് ഇതിനെ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

നമ്മുടെ കൈകളിൽ അപ്രതീക്ഷിതമായി ഒരു കനലോ കൂർത്ത പിന്നോ തട്ടിയാൽ തലച്ചോറ് ചിന്തിക്കുന്നതിന് മുൻപേ നമ്മൾ കൈ പിൻവലിക്കാറില്ലേ? റിഫ്ലക്സ് ആക്ഷൻ വഴിയാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതേ പ്രതികരണശേഷി തന്നെയാണ് ഈ റോബോട്ടിക് ചർമ്മത്ത‍ിന്‍റെയും സവിശേഷത. സാധാരണ സ്പർശനങ്ങൾ, വിശകലനം ചെയ്യാനായി റോബോട്ടിന്‍റെ പ്രധാന കമ്പ്യൂട്ടറിലേക്ക് അയക്കുമെങ്കിലും, അപകടകരമായ രീതിയിലുള്ള സമ്മർദ്ദം അനുഭവപ്പെട്ടാൽ ഈ ചർമ്മം ഉടൻ തന്നെ ഒരു അതിവേഗ വൈദ്യുത സിഗ്നൽ നേരിട്ട് മോട്ടോറുകളിലേക്ക് എത്തിക്കുന്നു. ഇതോടെ പ്രധാന പ്രോസസറിന്‍റെ അനുമതിക്കായി കാത്തുനിൽക്കാതെ തന്നെ റോബോട്ട് അപകടത്തിൽ നിന്ന് പെട്ടെന്ന് ഒഴിഞ്ഞുമാറുന്നു.

‘ലോക്കലൈസ്ഡ് പെയിൻ റെസ്പോൺസ്’ എന്ന് വിളിക്കുന്ന ഈ സാങ്കേതികവിദ്യ റോബോട്ടിന് കേടുപാടുകൾ സംഭവിക്കുന്നത് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. വിസ്മയകരമായ മറ്റൊരു സവിശേഷത ഈ ചർമ്മത്തിന് തനിയെ തകരാറുകൾ തിരിച്ചറിയാൻ സാധിക്കുമെന്നതാണ്. ഓരോ സെൻസറുകളും താൻ സുരക്ഷിതമാണെന്ന് അറിയിക്കാനായി നിരന്തരം ചെറിയ സിഗ്നലുകൾ പുറപ്പെടുവിച്ചുകൊണ്ടിരിക്കും. ചർമ്മത്തിൽ എവിടെയെങ്കിലും ഒരു മുറിവോ കീറലോ സംഭവിച്ചാൽ ആ ഭാഗത്തെ സിഗ്നൽ നിലയ്ക്കുകയും റോബോട്ട് ഉടൻ തന്നെ മുറിവേറ്റ ഭാഗം തിരിച്ചറിയുകയും ചെയ്യുന്നു.

തകരാർ സംഭവിച്ച ഭാഗം മാറ്റാൻ മണിക്കൂറുകൾ നീണ്ട അറ്റകുറ്റപ്പണികളോ യന്ത്രം അഴിച്ചുപണിയലോ ആവശ്യമില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കാന്തിക സ്വഭാവമുള്ള ചെറിയ കട്ടകൾ പോലെയാണ് ഈ ചർമ്മം നിർമ്മിച്ചിരിക്കുന്നത്. അതിനാൽ കേടുവന്ന ഭാഗം നിമിഷങ്ങൾക്കുള്ളിൽ മാറ്റി പുതിയത് ഘടിപ്പിക്കാൻ സാധിക്കും. റോബോട്ടുകൾ മനുഷ്യരെപ്പോലെ സ്വയം സംരക്ഷിക്കാൻ പഠിക്കുന്ന ഭാവിയിലേക്ക് വലിയൊരു ചുവടുവെപ്പാണ് ഈ കണ്ടുപിടുത്തം.