കോട്ടയം– നെടുമ്പാശേരി യാത്രയ്ക്ക് ഇനി പ്രതിസന്ധിയില്ല; ചെങ്ങോലപ്പാടം റെയിൽവേ മേൽപാലം ഇന്ന് തുറക്കും

എറണാകുളത്ത് നിന്ന് ചോറ്റാനിക്കര വഴി കോട്ടയത്തേക്കുള്ള പാതയിലെ മുളന്തുരുത്തി ചെങ്ങോലപ്പാടത്ത് റെയിൽവേ മേൽപാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് നാടിനു സമർപ്പിക്കും. നിരവധി കടമ്പകൾ കടന്ന്. റെയിൽപാലത്തിന് മുകളിലെ മേൽപാലം ഭാഗം റെയിൽവേ പൂർത്തീകരിച്ച് വർഷങ്ങൾ പിന്നിട്ട ശേഷമാണ് പാലം രണ്ടറ്റത്തേക്കും കൂട്ടിമുട്ടിയത്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ചെങ്ങോലപ്പാടത്ത് റെയിൽവേ മേൽപാലം യാഥാർഥ്യമായതോടെ യാത്രക്കാർക്കും പ്രദേശവാസികൾക്കും ഏറെ ആശ്വാസകരം.

കേരള റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷന്റെ മേൽനോട്ടത്തിൽ 100% പണികളും പൂർത്തിയാക്കിയാണ് പാലം തുറന്നു കൊടുക്കുന്നത്. കോട്ടയത്തു നിന്നു കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ പ്രധാന പ്രതിസന്ധിക്കാണ് പാലം തുറക്കുന്നതോടെ പരിഹാരമാകുന്നത്. ഇതോടെ ജില്ലാ ഭരണസിരാകേന്ദ്രത്തിലേക്കും വികസിച്ചു കൊണ്ടിരിക്കുന്ന ഇൻഫോപാർക്ക്, സ്മാർട്സിറ്റി പ്രദേശങ്ങളിലേക്കുമുള്ള പ്രധാന പാതയായി മുളന്തരുത്തി-ചോറ്റാനിക്കര-തിരുവാങ്കുളം റോഡ് മാറും. ‌പച്ചപുതച്ച ചെങ്ങോലപ്പാടത്തിനു കുറുകെ 365 മീറ്റർ നീളത്തിലാണു പാലത്തിന്റെ നിർമാണം. 8.1 മുതൽ 7.5 മീറ്റർ വരെയാണു വീതി. ഒരു വശത്ത് നടപ്പാതയും റെയിൽപാളത്തിന്റെ ഇരുവശങ്ങളിലും പാലത്തിലേക്കു കയറാൻ സ്റ്റെയറും നിർമിച്ചിട്ടുണ്ട്. സർവീസ് റോഡുകളും സജ്ജമാണ്.

‘U’ ടേൺ പാലിക്കണം

പാലം തുറക്കുന്നതോടെ വേഴപ്പറമ്പ് നെൽസൺ മണ്ടേല റോഡിലെ യാത്രക്കാർ ട്രാഫിക് ക്രമീകരണങ്ങൾ കൃത്യമായി പാലിക്കണമെന്നാണ് നിർദേശം. നെൽസൺ മണ്ടേല റോഡിൽ നിന്നു വരുന്ന വാഹനങ്ങൾ നേരിട്ട് പാലത്തിലേക്കു പ്രവേശിക്കരുതെന്ന് കർശന നിർദേശമുണ്ട്. ഈ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ സർവീസ് റോഡിലൂടെ പാലത്തിനടിയിലൂടെയെത്തി മുളന്തുരുത്തി ഭാഗത്ത് പാലം തുടങ്ങുന്നിടത്തെ മീഡിയനിൽ നിന്നു ‘U’ ടേൺ എടുത്തു വേണം പാലത്തിലേക്കു കയറാൻ. ചോറ്റാനിക്കര ഭാഗത്തു നിന്നു പാലത്തിലൂടെ വരുന്ന വാഹനങ്ങളും നെൽസൺ മണ്ടേല റോഡിലേക്കു പോകാൻ മീഡിയനിൽ നിന്നു ‘U’ ടേൺ എടുക്കണം. ഇടറോഡിൽ നിന്നുള്ള വാഹനം നേരിട്ടു പാലത്തിലേക്കു കയറുന്നത് അപകടങ്ങൾക്കു കാരണമായേക്കാമെന്നതിനാലാണ് ക്രമീകരണം.