ചന്ദ്രനോട് കൂടുതൽ അടുത്ത് ചന്ദ്രയാൻ 3; ഭ്രമണപഥം നാലാമതും ഉയർത്തി

നാലാംതവണയും ഭ്രമണപഥം വിജയകരമായി ഉയർത്തിയതോടെ ചന്ദ്രയാൻ 3 പേടകം ചന്ദ്രനിലേക്ക് കൂടുതൽ അടുത്തുതുടങ്ങി. ഭൂമിയുടെ ചുറ്റും ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽനിന്ന് അഞ്ചുഘട്ടമായി ഉയർത്തിയാണ് പേടകത്തെ ചന്ദ്രനിലേക്ക് അടുപ്പിക്കുന്നത്. അഞ്ചാം ഭ്രമണപഥമുയർത്തൽ ഈമാസം 25-ന് ഉച്ചകഴിഞ്ഞ് രണ്ടിനും മൂന്നിനുമിടയിൽ നടക്കുമെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു.

അഞ്ചുതവണ ഭ്രമണപഥമുയർത്തിയശേഷം പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള യാത്ര തുടങ്ങും. ഭൂമിയുടെ ആകർഷണവലയത്തിൽനിന്ന് പുറത്തുകടക്കുന്ന പേടകം ഓഗസ്റ്റ് ഒന്നിന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുമെന്നാണ് പ്രതീക്ഷ. പേടകത്തിലെ ത്രസ്റ്ററുകൾ ജ്വലിപ്പിച്ചാണ് ഭ്രമണപഥമുയർത്തുന്നത്. ബെംഗളൂരുവിലെ ഐ.എസ്.ആർ.ഒ. ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‍വർക്കിൽ (ഇസ്ട്രാക്ക്‌)നിന്നാണ് ശാസ്ത്രജ്ഞർ പേടകത്തെ നിയന്ത്രിക്കുന്നത്. ലാൻഡർ 23-ന് വൈകീട്ട് 5.47-ന് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്നരീതിയിലാണ് ദൗത്യം നിശ്ചയിച്ചിരിക്കുന്നത്.

ഈ മാസം 14-നാണ് എൽ.വി.എം.3 റോക്കറ്റിൽ പേടകം 179 കിലോമീറ്റർ ഉയരെയുള്ള ഭൂമിയുടെ താത്കാലിക ഭ്രമണപഥത്തിലെത്തിച്ചത്. 15-ന് ആദ്യഘട്ട ഭ്രമണപഥമുയർത്തൽ നടന്നു. പിന്നീട് 17-നും 18-നും ഭ്രമണപഥമുയർത്തി.