

ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 58 കോടി രൂപ സമ്മാനമായി നൽകും. താരങ്ങൾ, പരിശീലകർ, സപ്പോർട്ടിംഗ് സ്റ്റാഫ്, സെലക്ഷൻ കമ്മറ്റി എന്നിവർക്കാണ് സമ്മാനത്തുക കൈമാറുക.
മാർച്ച് 9 ന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി രോഹിത് ശർമ്മയുടെ സംഘം കിരീടം ഉയർത്തി. 2002 നും 2013 നും ശേഷം ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിൽ ഇന്ത്യയുടെ മൂന്നാമത്തെ കിരീടമാണിത്.
”തുടർച്ചയായി ഐസിസി കിരീടങ്ങൾ നേടുന്നത് സവിശേഷമാണ്, ആഗോളതലത്തിൽ ടീം ഇന്ത്യയുടെ സമർപ്പണത്തെയും മികവിനെയും ഈ അവാർഡ് അംഗീകരിക്കുന്നു. തിരശ്ശീലയ്ക്ക് പിന്നിൽ എല്ലാവരും നടത്തുന്ന കഠിനാധ്വാനത്തിനുള്ള അംഗീകാരമാണ് ഈ ക്യാഷ് അവാർഡ്. ഐസിസി അണ്ടർ 19 വനിതാ ലോകകപ്പ് വിജയത്തിന് ശേഷം 2025-ൽ ഞങ്ങൾക്ക് ലഭിച്ച രണ്ടാമത്തെ ഐസിസി ട്രോഫി കൂടിയായിരുന്നു ഇത്” – ബിസിസിഐയുടെപ്രസിഡന്റ് റോജർ ബിന്നി പറഞ്ഞു.
പാകിസ്ഥാന്‍ ആതിഥേയരായ ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യ നിഷ്പക്ഷ വേദിയായ ദുബായിലാണ് എല്ലാ മത്സരങ്ങളും കളിച്ചത്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെയും രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെയും അവസാന ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസിലന്‍ഡിനെയും തകര്‍ത്ത് സെമിയിലെത്തിയ ഇന്ത്യ സെമിയില്‍ ഓസ്ട്രേലിയയെ തകര്‍ത്താണ് ഫൈനലിലെത്തിയത്. കിരീടപ്പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ നാലു വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കീരീടം നേടിയത്. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ഐസിസി കിരീടമാണിത്.