കേരളത്തിൽ രണ്ട് വ്യാജ യൂണിവേഴ്‌സിറ്റികൾ പ്രവർത്തിക്കുന്നതായി കേന്ദ്ര സർക്കാർ. പുതുക്കിയ പട്ടിക പ്രകാരം കോഴിക്കോട് കുന്നമംഗലത്തുള്ള ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഒഫ് പ്രൊഫറ്റിക് മെഡിസിൻ ആണ് ഇപ്പോൾ വ്യാജ സർവകലാശാലയുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. നേരത്തേ കേരളത്തിൽ നിന്ന് ഒരു സർവകലാശാല മാത്രമാണ് ഈ പട്ടികയിൽ ഉണ്ടായിരുന്നത്.
രാജ്യത്ത് ആകെ 21 വ്യാജ സർവകലാശാലകളാണുള്ളത്. ഏറ്റവും കൂടുതൽ വ്യാജ സർവകലാശാലകൾ ഡൽഹിയിലാണ്. രാജ്യ തലസ്ഥാനത്തെ എട്ട് വ്യാജ സർവകലാശാലകളാണ് പട്ടികയിലുളളത്. ഇത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടിക്കാനുള്ള നിയമനടപടി സ്വീകരിക്കാൻ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. വ്യാജ സർവകലാശാലകളുടെ പട്ടിക വെളിപ്പെടുത്തി വിദ്യാർത്ഥികളെ രക്ഷിക്കാനും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാർ ഇന്നലെ ലോക്‌സഭയിൽ എംപിമാരോട് ആവശ്യപ്പെട്ടിരുന്നു. 2014നും 2024നും ഇടയിൽ 12 വ്യാജ സർവകലാശാലകൾ പൂട്ടിയതായും മന്ത്രി പറഞ്ഞു.
ഇത്തരം സർവകലാശാലകൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് മുന്നറിയിപ്പ് നോട്ടീസ് നൽകി. വിദ്യാർത്ഥികൾ വഞ്ചിക്കപ്പെടാതിരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. വ്യാജ സർവകലാശാലകൾ നൽകിയ ബിരുദത്തിനും അംഗീകാരമില്ല. ഏതൊക്കെ സർവകലാശാലകളാണ് ഇത്തരത്തിൽ വ്യാജമെന്ന് യുജിസി ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയുടെ പേരുവിവരങ്ങൾ ഉൾപ്പെടെ സൈറ്റിൽ ലഭ്യമാകും. ഈ സർവകലാശാലകളിൽ നിന്ന് പാസായവരുടെ ബിരുദം ഇനി അംഗീകരിക്കുന്നതല്ല.