

ലഹരി ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ രണ്ടുവർഷങ്ങളിലും ഒന്നേകാൽലക്ഷം പേർവീതം നിരത്തിലെ ലഹരി ഉപയോഗത്തിനു പിടിക്കപ്പെട്ടിട്ടുണ്ട്. ഇവരുടെ ഡ്രൈവിങ് ലൈസൻസ് കുറഞ്ഞത് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. അലക്ഷ്യമായ ഡ്രൈവിങ്, ലഹരി ഉപയോഗം, അതിവേഗം, മൊബൈൽഫോൺ ഉപയോഗം തുടങ്ങി മോശം പ്രവണതകൾ ഒഴിവാക്കുന്നതിന് മോട്ടോർവാഹനവകുപ്പ് നടത്തുന്ന പരിശീലനപദ്ധതിയിൽ പങ്കെടുത്താലേ ലൈസൻസ് പുനഃസ്ഥാപിക്കുകയുള്ളൂ. ആളപായം ഉണ്ടാകുന്ന കേസുകളിൽ കോടതിശിക്ഷ പുറമേയുണ്ടാകും. ആറുമാസം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. ആവർത്തിച്ചാൽ രണ്ടുവർഷം വരെ തടവും 15,000 രൂപ പിഴയും ലഭിക്കാം.
ഇവർ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കുന്നത് ഉൾപ്പെടെ കടുത്ത നടപടികളിലേക്ക് കേന്ദ്രസർക്കാർ കടക്കുകയാണ്. ഇതിന്റെ ഭാഗമായി സസ്പെൻഡ് ചെയ്യപ്പെട്ട ലൈസൻസുകളുടെ വിശദാംശങ്ങൾ കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ‘സാരഥി’ സോഫ്റ്റ്വേറിൽ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടുണ്ട്. ഇവ ഇൻഷുറൻസ് കമ്പനികൾക്ക് കൈമാറുന്നത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്.
വാഹനാപകടങ്ങളുടെ വിവരശേഖരണത്തിനുള്ള ഇന്‍റഗ്രേറ്റഡ് റോഡ് ആക്സിഡന്റ് ഡേറ്റാ ബേസിൽ (ഐറാഡ്) അപകടമുണ്ടാക്കുന്ന ഡ്രൈവർമാരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. മുൻപ് അതത് സ്റ്റേഷനുകളുടെ എഫ്.ഐ.ആറിൽമാത്രം ഒതുങ്ങിയിരുന്ന വിവരങ്ങളാണിത്.
ഒരു ലൈസൻസ് ഉടമ എത്ര അപകടത്തിൽപ്പെട്ടുവെന്നും, ശിക്ഷനേരിട്ടുവെന്നുമുള്ള വിവരങ്ങൾ ശേഖരിക്കാനാകും. ഗതാഗതനിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്ന ഇ- ചെല്ലാൻ വെബ്സൈറ്റിലും ലൈസൻസിന്റെ വിശദാംശങ്ങൾ ശേഖരിക്കുന്നുണ്ട്. ലഹരി ഉപയോഗിക്കുന്ന, സ്ഥിരം അപകടമുണ്ടാക്കുന്ന ഡ്രൈവർമാരുടെ പട്ടികയും ഉടൻ തയ്യാറാകും.