പതിനഞ്ചാം വയസില്‍ മരിച്ച ‘ഗോഡ്സ് ഇൻഫ്ലുവൻസര്‍’ വിശുദ്ധപദവിയിലേക്ക്

പതിനഞ്ചാം വയസില്‍ രക്താർബുദം ബാധിച്ച്‌ മരിച്ച കാർലോ അക്യൂട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിക്കാൻ തീരുമാനിച്ച്‌ കത്തോലിക്ക സഭ. കത്തോലിക്കാ വിശ്വാസം പ്രചരിപ്പിക്കാൻ കംപ്യൂട്ടർ പരിജ്ഞാനം ഉപയോഗിച്ച ഈ ബാലൻ 2006ലാണ് മരിച്ചത്. അടുത്ത വർഷം ഏപ്രിലില്‍ ഫ്രാൻസിസ് മാർപാപ്പയാകും കാർലോ അക്യൂട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിക്കുക.

ഈ നൂറ്റാണ്ടില്‍ കത്തോലിക്കാസഭ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തിയവരില്‍ പ്രായം കുറഞ്ഞയാളും ആദ്യ കംപ്യൂട്ടർ പ്രതിഭയുമാണ് കാർലോ. 11-ാം വയസ്സില്‍ അസീസിയിലെ സ്വന്തം ഇടവകയ്ക്ക് വെബ്സൈറ്റ് ആരംഭിച്ചാണ് വിശ്വാസ പ്രചാരണത്തിന് തുടക്കമിട്ടത്. വിശുദ്ധരെ പ്രഖ്യാപിക്കുന്നതിന് സഭ അംഗീകരിച്ച അദ്ഭുതങ്ങള്‍ രേഖപ്പെടുത്തി ശ്രദ്ധേയനായി. മില്ലെനിയല്‍ കാലത്ത് (1981-96) ജനിച്ച ആദ്യ വിശുദ്ധനാകും കാർലോ.

ലണ്ടനില്‍ ജനിച്ച്‌ മിലാനില്‍ ജീവിച്ച കാർലോ ‘ഗോഡ്സ് ഇൻഫ്ലുവൻസർ’ എന്നാണ് അറിയപ്പെടുന്നത്. ലാപ്ടോപ്പും സമൂഹമാധ്യമങ്ങളും ജപമാലയും ജീവിതത്തില്‍ സമന്വയിപ്പിച്ച്‌ വിശ്വാസ പ്രചാരണത്തില്‍ പുതിയ പാത തുറന്നു. വിശുദ്ധ പദവിയിലേക്ക് ഉയർത്താൻ മേയില്‍ ഫ്രാൻസിസ് മാർപാപ്പയുടെ അധ്യക്ഷതയില്‍ ചേർന്ന സമിതി തീരുമാനിച്ചിരുന്നു. 2020 ഒക്ടോബർ 10നാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.

വിവിധ രാജ്യങ്ങളില്‍നിന്നുള്ള 136 വിശ്വാസ അദ്ഭുതങ്ങള്‍ ഡിജിറ്റലായി രേഖപ്പെടുത്തി, വെർച്വല്‍ മ്യൂസിയം സൃഷ്ടിച്ചു. വെബ്സൈറ്റുകള്‍ ഉണ്ടാക്കാൻ കംപ്യൂട്ടറിനു മുൻപിലെന്നപോലെ മണിക്കൂറുകള്‍ പ്രാർഥനയ്ക്കും ചെലവിട്ടു. ഏപ്രില്‍ 25 മുതല്‍ 27വരെ റോമില്‍ കൗമാരക്കാരുടെ ജൂബിലി ആഘോഷത്തിലാണ് പ്രഖ്യാപനം.