ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങൾക്ക് സമീപം ഉൾക്കടലിൽ ചരക്കു കപ്പലിന് തീപിടിച്ചു. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്കുക്കപ്പലാണ് അപകടത്തിൽപ്പെട്ടത്. 50 കണ്ടെയ്നറുകൾ കടലിൽ പതിച്ചു. 22 ജീവനക്കാർ കപ്പലിൽ ഉണ്ടെന്നാണ് വിവരം. ബേപ്പൂരിൽ നിന്ന് 45 നോട്ടിക്കൽ മൈൽ അകലെയാണ് ചരക്കു കപ്പലിന് തീപിടിച്ചത്.
വാൻ ഹായ് ചൈനീസ് കണ്ടെയ്നർ ഷിപ്പിന് ആണ് തീപിടിച്ചത്. കോസ്റ്റ് ഗാർഡും നേവിയും സംഭവ സ്ഥലത്തേക്ക് തിരിച്ചു. അപകടത്തിന്റെ കാരണം, വ്യാപ്തി എന്നിവ സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല. രക്ഷപ്പെടാനായി ജീവനക്കാർ കടലിലേക്ക് ചാടിയതായും വിവരമുണ്ട്. 18 ജീവനക്കാരാണ് കടലിലേക്ക് ചാടിയത്. രക്ഷാദൗത്യം തുടരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഐഎൻഎസ് സൂറത്ത് സംഭവ സ്ഥലത്തേക്ക് തിരിച്ചു.
കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നൽകാൻ ആവശ്യമായ തയാറെടുപ്പ് നടത്താൻ എറണാകുളം, കോഴിക്കോട് ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി. കപ്പലിൽ ചൈന, മ്യാൻമർ, ഇന്തൊനീഷ്യ, തായ്‌ലൻഡ് പൗരൻമാർ. ജീവനക്കാരിൽ ഏറെയും ചൈന, മ്യാൻമർ പൗരന്മാരാണ്. പൊള്ളലേറ്റ ജീവനക്കാരെ എത്രയും പെട്ടെന്ന് തീരത്ത് എത്തിച്ചു ചികിത്സ നൽകാനുള്ള ശ്രമമാണ് നടത്തുന്നത്.
കോസ്റ്റ് ഗാർഡിന്റെ 3 കപ്പൽ അപകട സ്ഥലത്തേക്ക് പുറപ്പെട്ടു. കടലിൽ പട്രോളിങിലുണ്ടായിരുന്ന രണ്ടു കപ്പലും കൊച്ചിയിൽ നിന്ന് ഒരു കപ്പലുമാണ് അപകട സ്ഥലത്തേക്ക് പോയത്. ഡോണിയർ വിമാനവും നീരീക്ഷണം നടത്തുന്നുണ്ട്. നേവിയുടെ ഐഎൻഎസ് സൂറത്തും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തേക്കെത്തി. 270 മീറ്റർ നീളമുണ്ട് കപ്പലിന്. ഏഴാം തീയതിയാണ് കൊളംബോയിൽനിന്ന് കപ്പൽ പുറപ്പെട്ടത്. പത്തിനു രാവിലെ ഒൻപതരയോടു കൂടി മുംബൈയിൽ ജവഹർലാൽ നെഹ്റു തുറമുഖത്ത് എത്തേണ്ടതായിരുന്നു. കപ്പലിൽ 650 ഓളം കണ്ടെയ്നറുകളെന്ന് സൂചന.
