കേരളം ഒറ്റനഗരമാക്കാൻ 13അംഗ അര്‍ബൻ കമ്മീഷൻ

അതിവേഗം വികസിക്കുന്ന കേരളത്തെ 2030 -ഓടെ ഒറ്റ നഗരമായി മാറ്റാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാൻ കേരള നഗരനയ കമ്മീഷൻ രൂപീകരിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒരു വർഷത്തെ പ്രവർത്തന കാലാവധിയാണ് കമ്മീഷനുള്ളത്.

പതിമ്മൂന്നംഗ കമ്മീഷന്റെ അദ്ധ്യക്ഷൻ യു.കെ യിലെ ബെല്‍ഫാസ്റ്റ് ക്വീൻസ് യൂണിവേഴ്സിറ്റിയില്‍ സീനിയര്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.എം.സതീഷ് കുമാറാണ്. മുൻകരുതലുകളും വികസന സമീപനങ്ങളുമടക്കം തയ്യാറാക്കി ഒരു വര്‍ഷത്തിനുള്ളില്‍ നല്‍കണം. 25വര്‍ഷത്തേക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും തയ്യാറാക്കണം. കേന്ദ്ര കരട് നഗര നയത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നായിരിക്കും നയം രൂപീകരിക്കുക. കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റിലെ നിര്‍ദ്ദേശമാണിത്.

കിലയുടെ നഗരഭരണ പഠന കേന്ദ്രമായിരിക്കും കമ്മീഷൻ സെക്രട്ടേറിയറ്റ്. റീ ബില്‍ഡ് കേരള, ജര്‍മ്മൻ വികസന ബാങ്കായ കെ.എഫ് ഡബ്ളിയുവുമായി ബന്ധപ്പെട്ട പദ്ധതി, കേരള ഖരമാലിന്യ പരിപാലന പദ്ധതി, അമൃത് പദ്ധതി എന്നിവയിലെ ഗ്രാൻഡ് കമ്മീഷൻ പ്രവര്‍ത്തനത്തിന് ഉപയോഗിക്കും.  

2035 ഓടെ 92.8 ശതമാനത്തിന് മുകളിൽ നഗരവൽക്കരിക്കപ്പെട്ട സംസ്ഥാനമായി കേരളം മാറുമെന്നാണ് ദേശീയ ജനസംഖ്യ കമ്മീഷൻ വിലയിരുത്തൽ. കേന്ദ്രസർക്കാർ കരട് നഗര നയത്തിന്റെ ചട്ടക്കൂട് 2018 ൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. നഗരവികസനം സംസ്ഥാന വിഷയമായതിനാൽ ഓരോ സംസ്ഥാനവും പ്രത്യേകമായി നഗരനയം പ്രസിദ്ധപ്പെടുത്തണമെന്ന് ഈ റിപ്പോർട്ട് ശുപാർശ ചെയ്തു. അർബൻ കമ്മീഷൻ രൂപീകരിക്കുന്നതിലൂടെ ആദ്യമായി സ്വന്തം നഗരനയം രൂപീകരിക്കുന്ന സംസ്ഥാനമായി കേരളം മാറും.