പാര്‍ലമെന്റില്‍ ബജറ്റ് അവതരണം തുടങ്ങി

രണ്ടാം മോദിസര്‍ക്കാരിന്റെ അവസാന ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. പൊതുതിരഞ്ഞെടുപ്പ് വരാനിരിക്കേ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുന്നത്.

ഇന്ത്യൻ സമ്പദ് രംഗം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങൾക്ക് സാക്ഷിയായെന്ന് ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ച് ധനമന്ത്രി പറഞ്ഞു. നിരവധി വെല്ലുവിളികളെ അതിജീവിക്കാനായി. ഇന്ത്യയിലെ ജനങ്ങൾ പ്രതീക്ഷയോടെ ഭാവിയെ ഉറ്റുനോക്കുന്നു. എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്നത് സർക്കാരിൻ്റെ വിജയമന്ത്രമായിരിക്കുന്നുവെന്നും ധനമന്ത്രി ആമുഖമായി പറഞ്ഞു.

മികച്ച ജനപിന്തുണയോടെ ഈ സർക്കാരിന്റെ വികസന പദ്ധതികൾ തുടരുമെന്ന് കേന്ദ്ര ബജറ്റ് 2024 അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി നിര്‍മല സീതാരാമൻ പറഞ്ഞു. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി ദാരിദ്ര്യ നിർമ്മാർജനം യാഥാർത്ഥ്യമാക്കി. തൊഴിൽ സാധ്യതകൾ വർധിച്ചു. ഗ്രാമീണ തലത്തിൽ സർക്കാരിന്റെ വികസന പദ്ധതികൾ എത്തിച്ചു. പാവപ്പെട്ടവരുടെയും കർഷകരുടെയും സ്ത്രീകളുടെയുംയും യുവാക്കളുടെയും ശാക്തികരണമാണ് രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുന്നത്. അഴിമതി ഇല്ലാതാക്കിയെന്നും ധനമന്ത്രി.

ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ കാർഷിക രംഗത്ത് യാഥാർത്ഥ്യമാക്കിയെന്ന് ധനമന്ത്രി. കായികരംഗത്തെ യുവാക്കളുടെ നേട്ടം അഭിമാനാർഹമാണ്.  30 കോടി രൂപ സ്ത്രീകള്‍ക്ക് മുദ്ര ലോണ്‍ വഴി നല്‍കി.

നിക്ഷേപ സൗഹൃദ രാജ്യമായി ഇന്ത്യ മാറിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമൻ. ആളോഹരി വരുമാനത്തിൽ 50% വർധനവുണ്ടായി. പശ്ചാത്തല വികസനത്തിലും റെക്കോർഡ് വർധനവുണ്ടായി. രാജ്യത്തെ സമ്പദ്‌രംഗം മികച്ച നിലയിലാണ്. ഈ വളര്‍ച്ചയിൽ എല്ലാ മേഖലയ്ക്കും തുല്യപങ്കാണ് ഉള്ളതെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍.
അടുത്ത തലമുറ വികസന പദ്ധതികളിലേക്ക് സർക്കാർ കടന്നു കഴിഞ്ഞുവെന്ന് ധനമന്ത്രി. കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധിയിലും പ്രധാനമന്ത്രി ആവാസ യോജനയിലൂടെ 3 കോടി  വീടുകള്‍ യാഥാർത്യമാക്കാനായി. രണ്ട്  കോടി വീടുകളും ഉടൻ യാഥാർത്ഥ്യമാകും. കൂടുതൽ മെഡിക്കൽ കോളേജുകൾ രാജ്യത്താകെ സ്ഥാപിക്കും.