60 കോടി സമാഹരിക്കാൻ ബിഎസ്എൻഎല്‍ ആസ്‌തികള്‍ വിൽക്കുന്നു; സംസ്ഥാനത്ത്‌ 24 ഇടങ്ങളിലെ വസ്‌തു വിൽക്കും

ബിഎസ്എൻഎല്ലിൻ്റെ ഉടമസ്ഥതയിലുള്ള വസ്‌തുക്കൾ വിൽക്കാൻ ടെൻഡർ ക്ഷണിച്ച് കേരള സർക്കിൾ. ആലുവ ചൂണ്ടിയിലെ 2.25 ഏക്കറും കൊട്ടാരക്കരയിലെ 90 സെന്റുമാണ് വിൽക്കുന്നത്. ഇതിനായി ഡൽഹി ആസ്ഥാനമായ ജെഎൽഎൽ പ്രോപ്പർട്ടി കൺസൾട്ടൻ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വഴി ടെൻഡർ ക്ഷണിച്ചതായി ബിഎസ്എൻഎൽ ആസ്‌തി വിൽപ്പന കേരള സർക്കിൾ നോഡൽ ഓഫീസര്‍ അറിയിച്ചു. ഇ ടെൻഡറിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പങ്കെടുക്കാം.

ചൂണ്ടിയിലെ സ്ഥലത്തിന് 16.47 കോടി രൂപയും കൊട്ടാരക്കരയിലേതിന് 4.8 കോടിയുമാണ് വില നിശ്ചയിച്ചിട്ടുള്ളത്. ജൂലൈ ഒന്നുവരെ ഇ ടെൻഡർ സമർപ്പിക്കാം. രണ്ടിന് ടെൻഡർ തുറക്കും. നിഷ്ക്രിയ ആസ്‌തി വിറ്റുകിട്ടുന്ന പണം ബിഎസ്എൻഎൽ നവീകരണത്തിന് ഉപയോഗിക്കുമെന്നാണ് വാഗ്ദ‌ാനം. ഈവർഷം 60 കോടി സമാഹരിക്കാനാണ് പദ്ധതി. കേരള സർക്കിളിൽ 24 സ്ഥലങ്ങളാണ് വിൽപ്പനയ്ക്കുള്ളത്.

തിരുവനന്തപുരം മണക്കാട് 1.8 ഏക്കർ സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിനും 9.23 ഏക്കർ ഇൻറലിജൻസ് ബ്യൂറോയ്ക്കും നേരത്തെ വിറ്റിരുന്നു.