

നീണ്ട ഇടവേളയ്ക്കുശേഷം കേന്ദ്രസർക്കാരിന്റെ ഭാരത് അരി വീണ്ടും കേരളത്തിലെ വിപണിയിലെത്തി. ഈ വർഷം ആദ്യം കിലോയ്‌ക്ക് 29 രൂപയ്‌ക്ക് വിൽപന നടത്തിയിരുന്ന അരിക്ക് ഇപ്പോൾ 22 രൂപയ്‌ക്കാണ് വിൽക്കുന്നത്. അഞ്ച്, പത്ത് കിലോ പായ്‌ക്കറ്റുകളിലായാണ് വിൽപന. തുടക്കത്തിൽ തൃശൂർ, പാലക്കാട്, ആലുവ എന്നിവിടങ്ങളിലാണ് അരി എത്തിച്ചത്.
ഓരോ ജംഗ്ഷനിലും വണ്ടിയിൽ അരിയെത്തിച്ചാണ് വിൽപന നടത്തുന്നത്. നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലാത്തതിനാൽ എത്ര ചാക്ക് അരി വേണമെങ്കിലും വാങ്ങാം. സഹകരണ സ്ഥാപനമായ എൻസിസിഎഫിലൂടെയാണ് വിൽപന. വൻകിട ധാന്യപ്പൊടി കമ്പനികൾക്ക് ഉയർന്ന അളവിൽ ഗോതമ്പും ലഭ്യമാക്കുന്നുണ്ട്.
ഓൺലൈൻ പ്ലാറ്റ്ഫോമായ ‘വാല്യുജംഗ്ഷനിൽ’ രജിസ്റ്റർ ചെയ്ത് വേണം ടെൻഡറിൽ പങ്കെടുക്കാൻ. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്‌ക്ക് രണ്ട് വരെ സൈറ്റിൽ രജിസ്റ്റർ ചെയ്ത് ടെൻഡറിൽ പങ്കെടുക്കാം. ആദ്യഘട്ടത്തിൽ കേരളത്തിൽ ഗോതമ്പ് വിൽപനയ്‌ക്ക് എത്തിയിരുന്നില്ല. ഒരു കമ്പനിക്ക് കുറഞ്ഞത് 1 ടൺ മുതൽ 10 ടൺ വരെ ഗോതമ്പ് വാങ്ങാൻ അവസരമുണ്ട്. വിവിധ ജില്ലകളിൽ വിലയിൽ വ്യത്യാസമുണ്ടാകും. 25.76 മുതൽ 26.80 വരെയാണ് വിലയിൽ വരുന്ന വ്യത്യാസം.