അയോധ്യയിലെ രാമക്ഷേത്രത്തില്‍ സംഭാവനയായി ഇതുവരെ ലഭിച്ചത് 11 കോടി

അയോധ്യയിലെ രാമക്ഷേത്രത്തില്‍ 25-ലക്ഷത്തില്‍ അധികം ഭക്തര്‍ ഇതിനകം സന്ദര്‍ശനം നടത്തിയതായും പതിനൊന്ന് കോടിയിലധികം രൂപ സംഭാവനയായി ലഭിച്ചതായും റിപ്പോര്‍ട്ട്. ജനുവരി 22-നായിരുന്നു ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ്.

11 കോടിയിലധികം രൂപയാണ് ക്ഷേത്രത്തിന് ഇതുവരെ സംഭാവനയായി ലഭിച്ചിട്ടുള്ളത്. ഇതില്‍ എട്ടുകോടി രൂപ ഭണ്ഡാരത്തിലാണ് നിക്ഷേപിക്കപ്പെട്ടത്. 3.5 കോടി രൂപ ചെക്ക്-ഓണ്‍ലൈന്‍ പേയ്‌മെന്റ് മാര്‍ഗങ്ങളിലൂടെ ലഭിച്ചു.

ഭക്തര്‍ക്ക് പണം നിക്ഷേിപിക്കാന്‍ നാല് ഭണ്ഡാരങ്ങളാണ് ഉള്ളത്. ഭക്തര്‍ തൊഴാനെത്തുന്ന ദര്‍ശന്‍ പഥിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. ഇതു കൂടാതെ പത്ത് കംപ്യൂട്ടറൈസ്ഡ് കൗണ്ടറുകളുമുണ്ട്. ഡിജിറ്റല്‍ സംഭാവനകള്‍ സാധ്യമാക്കാനാണ് ഇവ.

വൈകുന്നേരം കൗണ്ടര്‍ അടയ്ക്കുന്നതോടെ 11 ബാങ്ക് ജീവനക്കാരും ക്ഷേത്ര ട്രസ്റ്റിലെ മൂന്ന് ജീവനക്കാരും ചേര്‍ന്ന് ഭണ്ഡാരത്തിലെ പണം എണ്ണിത്തിട്ടപ്പെടുത്തും. സി.സി.ടി.വി. നിരീക്ഷണത്തിലാണ് ഈ നടപടികള്‍. ഉത്തരേന്ത്യയില്‍ തണുപ്പു കുറയുന്നതോടെ കൂടുതല്‍ ഭക്തര്‍ ക്ഷേത്രത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.