പ്രോബ-3 വിക്ഷേപണം മാറ്റി; കാരണം സാങ്കേതിക പ്രശ്നം

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രോബ-3 പേടകത്തിന്‍റെ വിക്ഷേപണം മാറ്റി. ഉപഗ്രഹത്തിൽ സാങ്കേതികപ്രശ്നം കണ്ടെത്തിയതിനെ തുടർന്നാണിത്. ഐഎസ്ആര്‍ഒ പിഎസ്എല്‍വി-സി59 ഉപയോഗിച്ചാണ് വിക്ഷേപണം നടത്താനിരുന്നത്. ഇന്ന് വൈകിട്ട് 4.08നായിരുന്നു വിക്ഷേപണം നടക്കേണ്ടിയിരുന്നത്. വിക്ഷേപണത്തിന് 43 മിനിട്ട് 50 സെക്കന്‍ഡ് ബാക്കിയുള്ളപ്പോൾ കൗണ്ട്ഡൗണ്‍ നിർത്തി. നാളെ വൈകീട്ട് 4.12ന് വിക്ഷേപണം നടത്താൻ ശ്രമിക്കും.

ബഹിരാകാശ രംഗത്ത് മറ്റൊരു ചരിത്രമെഴുതാന്‍ തയ്യാറെടുക്കുകയായിരുന്നു ഐഎസ്ആര്‍ഒ. ഐഎസ്ആര്‍ഒയുടെ കൊമേഴ്‌സ്യല്‍ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡും (എന്‍എസ്ഐഎല്‍) യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും (ഇഎസ്എ) സഹകരിച്ചാണ് പ്രോബ-3 ദൗത്യം നയിക്കുന്നത്. ഇഎസ്എ നിര്‍മിച്ച കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍ എന്നീ ഒരു ജോഡി പേടകങ്ങളെ ഐഎസ്ആര്‍ഒ ഒരൊറ്റ വിക്ഷേപണ വാഹനത്തില്‍ ബഹിരാകാശത്തേക്ക് അയക്കുന്ന പ്രത്യേക ദൗത്യമാണ് പ്രോബ-3.