സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം, കൊല്ലത്ത് 10 വയസുകാരന് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. കൊല്ലം ജില്ലയിൽ പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്.

11ാം തീയതിയാണ് കുട്ടിക്ക് പനിയും കടുത്ത തലവേദനയുമുണ്ടാകുന്നത്. 12ാം തീയതി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് 13ാം തീയതിയാണ് പനിയടക്കം കൂടിയതിനെ തുടര്‍ന്ന് എസ്എടി ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം രണ്ട് പേർക്ക് കൂടി അമീബിക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിരുന്നു. തിരുമല സ്വദേശിയായ 31കാരിക്കും മുള്ളുവിള സ്വദേശിയായ 27കാരിക്കുമാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇരുവരും കുളത്തിലോ തോട്ടിലോ കുളിച്ചിട്ടില്ല. പിന്നെങ്ങനെയാണ് രോഗബാധയുണ്ടായതെന്നതിലാണ് ആശങ്ക.

അമീബിക്ക് മസ്തിഷ്ക ജ്വര കേസുകൾ കേരളത്തിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. 97 ശതമാനം മരണ നിരക്കുള്ള രോഗമാണ് അമീബിക്ക് മസ്തിഷ്ക ജ്വരം.