കൊച്ചി: റിവ്യു ബോംബിങ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സിനിമകള്‍ റിലീസ് ചെയ്ത് 48 മണിക്കൂറിൽ റിവ്യൂ വേണ്ട നിർദേശങ്ങളുമായി അമിക്കസ്ക്യൂറി റിപ്പോർട്ട്. ‘വ്ലോഗർമാർ’ എന്നു വിശേഷിപ്പിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ നടത്തുന്ന സിനിമാ നിരൂപണങ്ങളെ നിയന്ത്രിക്കുന്നതടക്കം 33 പേജുള്ള റിപ്പോർട്ടാണ് അമിക്കസ്ക്യൂറി ശുപാർശ.
മലയാളത്തിൽ പുറത്തിറങ്ങുന്ന ചില ചിത്രങ്ങളെ റിവ്യു ബോംബിങ് നടത്തി തകർക്കുകയാണെന്ന ആരോപണം ഉയർന്നതിരുന്നു. റിവ്യൂ ബോംബിങ്ങിന് തടയിടണമെന്നാണ് അമിക്കസ്ക്യൂറി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നിർമ്മാതാക്കൾ ഉൾപ്പെടെ റിവ്യൂ ബോംബിങ് സിനിമയെ ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് അമിക്കസ്ക്യൂറിയോട് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിരിക്കുന്നത്.
പത്തോളം നിർദേശങ്ങളുമായാണ് അമിക്കസ്ക്യൂറി റിപ്പോർട്ട്. റിവ്യൂ ബോംബിങ്ങുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനോട് മാർഗനിർദേശം പുറത്തിറക്കാനും നിർദേശിക്കുന്നുണ്ട്. സംസ്ഥാന സർക്കാർ മാർഗനിർദേശങ്ങൾ സമർപ്പിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ നിലപാട് അറിഞ്ഞതിന് ശേഷമേ റിപ്പോർട്ട് നടപ്പിലാക്കുന്ന തീരുമാനത്തിലെത്തുകയുള്ളൂ.