‘ഉത്തരവുകളെല്ലാം മലയാളമാകണം’: ചീഫ് സെക്രട്ടറിയുടെ കർശന നിർദ്ദേശം

ഉത്തരവുകള്‍ മലയാളത്തില്ലാക്കുന്നതിൽ നിര്‍ദ്ദേശം കര്‍ശനമാക്കി ചീഫ് സെക്രട്ടറി. സര്‍ക്കാര്‍ ഉത്തരവുകളും കത്തിടപാടുകളും മലയാളത്തില്‍ തന്നെ വേണമെന്ന് ചീഫ് സെക്രട്ടറി ഡോ. വി. വേണു വകുപ്പ് മേധാവികള്‍ക്ക് സര്‍ക്കുലര്‍ നൽകി. എല്ലാ വകുപ്പ് സെക്രട്ടറിമാരും ഇക്കാര്യം ഉറപ്പാക്കണം. മന്ത്രിസഭായോഗം തീരുമാനിച്ചിട്ടും ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുന്നുവെന്ന വിമർശനം ഉയർന്നതോടെയാണ് ചീഫ് സെക്രട്ടറിയുടെ ഇടപെടൽ.

നിയമപരമായി ഇംഗ്ലീഷും സംസ്ഥാനത്തെ ന്യൂനപക്ഷ ഭാഷകളായ തമിഴും കന്നടയും ഔദ്യോഗികഭാഷയായി ഉപയോഗിക്കാൻ അനുവദിച്ചിട്ടുള്ള പ്രത്യേക സാഹചര്യങ്ങളിലൊഴികെ മലയാളം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നു 2017ലെ ഉത്തരവിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ, മന്ത്രിസഭായോഗ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ പുറപ്പെടുവിക്കുന്ന ഉത്തരവുകളിൽ പോലും പല വകുപ്പുകളും മലയാളം ഉപയോഗിക്കുന്നില്ല. ഇതു സർക്കാരിന്റെ പ്രഖ്യാപിത നിലപാടിനെതിരാണ്. ധനകാര്യം, നിയമം എന്നീ വകുപ്പുകളുടേതുൾപ്പെടെ എല്ലാ ഉത്തരവുകളും മലയാളത്തിൽ വേണം. ഇക്കാര്യം ഉറപ്പാക്കേണ്ട ചുമതല വകുപ്പു സെക്രട്ടറിമാർക്കായിരിക്കും. സെക്രട്ടറിമാരുടെ യോഗത്തിൽ ഇതുസംബന്ധിച്ച പുരോഗതി വിലയിരുത്തുമെന്നും സർക്കുലറിൽ പറയുന്നു.