ഗഗൻയാൻ സംഘം; ഏതുസാഹചര്യത്തോടും പൊരുതാൻ 4 പേരെയും ഇന്ത്യ സജ്ജരാക്കിയ വഴികള്‍

ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ഗഗൻയാൻ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിൽ ഐഎസ്ആർഒ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗ്രൂപ്പ് ക്യാപ്ടൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, ഗ്രൂപ്പ് ക്യാപ്‌ടൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്‌ടൻ അംഗദ് പ്രതാപ്, വിംഗ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരാണ് ഗഗൻയാൻ ദൗത്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ.

ഇന്ത്യൻ എയർഫോഴ്‌സുമായി ചേർന്നാണ് ഐഎസ്ആർഒ ഗഗൻയാൻ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രാഥമികമായി ക്ലിനിക്കൽ ടെസ്‌റ്റ്, എയറോ മെഡിക്കൽ ടെസ്‌റ്റ്, സൈക്കളോജിക്കൽ ടെസ്‌റ്റ് എന്നിവയ്ക്ക് വിധേയരായവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാലുപേരാണ് പ്രശാന്തും മറ്റുള്ലവരും. നാഷണൽ ക്രൂ സെലക്ഷൻ ബോർഡാണ് അവരെ ശുപാർശ ചെയ്തത്.

തുടർന്ന് റഷ്യയിലെ യൂറി ഗഗാറിൻ കോസ്‌മനോറ്റ് ട്രെയിനിംഗ് സെൻ്ററിലേക്ക് പരിശീലത്തിന് അയച്ചു. 13 മാസമായിരുന്നു റഷ്യയിലെ പരിശീലനം. ബഹിരാകാശ ദൗത്യത്തിലെ വിവിധങ്ങളായ ഘട്ടങ്ങൾ ഇവിടെ പരിശീലിക്കപ്പെട്ടു. പാരബോളിക് ഫ്ലൈറ്റ്, സർവൈവൽ ട്രെയിനിംഗ് ഇൻ ഓഫ് നോമിനൽ സ്റ്റോ, ഡെസേർട്ട്- വാട്ടർ ലാൻഡിംഗ് എന്നിവയിൽ വിദഗ്ദ്ധ പരിശീലനം നേടി. റഷ്യയിലെ പരിശീലനത്തിന് പിന്നാലെ ഐഎസ്ആർഒയിലെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻ്ററിലും കഠിനമായ ട്രെയിനിംഗ് നൽകി. ശാരീരിക വ്യായാമ മുറകൾ, നീന്തൽ, യോഗ എന്നിവയും പരിശീലിപ്പിച്ചതിന് ശേഷമാണ് ഗഗൻയാൻ ദൗത്യത്തിലേക്ക് സംഘത്തെ സജ്ജമാക്കി മാറ്റിയത്.

9000 കോടിയുടെ ഗഗൻയാൻ

കഴിഞ്ഞ അഞ്ച് വർഷങ്ങളായി നിരവധി ഗ്രൗണ്ട്, ലബോറട്ടറി പരീക്ഷണ- ഗവേഷണങ്ങളുടെ ഫലമായി വികസിപ്പിച്ചെടുത്ത സംവിധാനങ്ങളാണ് ഗഗൻയാനിലൂടെ യാഥാർത്ഥ്യമാകുന്നത്. മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ ആദ്യ ദൗത്യമാണ് ഗഗൻയാൻ. 2025-ൽ യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യം. ഭൂമിയിൽ നിന്ന് 400 കി.മീറ്റർ ഉയരത്തിലുള്ല ഭ്രമണപഥത്തിലാകും പേടകം എത്തിക്കുക. ഇത് നടപ്പാക്കുന്നതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കു ശേഷം മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന നാലാമതു രാജ്യമെന്ന നേട്ടം ഇന്ത്യയ്ക്ക് സ്വന്തമാകും.

1963 നവംബർ 21നു വൈകിട്ട് 6.25ന് തുമ്പയിൽ നിന്ന് ഒരു അമേരിക്കൻ നിർമിത ‘നൈക്ക്-അപ്പാഷെ സൗണ്ടിംഗ് റോക്കറ്റ് തൊടുത്തുകൊണ്ടാണ് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ യാത്ര ആരംഭിച്ചത്.അന്ന് അമേരിക്കയും റഷ്യയും ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള ശ്രമത്തിലായിരുന്നു. വൈകാതെ റഷ്യക്കാരൻ ബഹിരാകാശത്ത് നടന്നു. അമേരിക്കക്കാരൻ ചന്ദ്രനിൽ ഇറങ്ങി. ചൈന സ്വന്തമായി റോക്കറ്റുകളുണ്ടാക്കി. എന്നാൽ ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണം 1968-ൽ എസ്.എൽ.വി-3 യിലൂടെയായിരുന്നു. പിന്നെയും പന്ത്രണ്ട് വർഷത്തിനു ശേഷം 1980-ലാണ് ഇന്ത്യ സ്വന്തം വിക്ഷേപണ വാഹനം ഉപയോഗിച്ച് നമ്മുടെ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചത്.

പിന്നീടിങ്ങോട്ട് മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള ഇന്ത്യയുടെ ശ്രമങ്ങളും അതിലേക്കുള പുരോഗതിയുടെ കഥയും വിസ്മായാവഹമാണ്. ഗഗൻയാൻ ആകാശ പരീക്ഷണങ്ങൾ ഒരു തുടക്കമാണ്. അതോടൊപ്പം ഇന്ത്യൻ സ്പെയ്‌സ് എക്കണോമിയുടെ വമ്പൻ കുതിപ്പും! ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്തെത്തുമ്പോൾ രണ്ടു തരത്തിലാണ് നേട്ടം. ഇന്ത്യ എന്ന രാജ്യം ആഗോളതലത്തിൽ ശാസ്ത്ര സാങ്കേതിക ശേഷി തെളിയിക്കുന്നു. രണ്ടാമത്. ആഗോള സ്പെയ്‌സ് എക്കണോമിയിൽ അതുണ്ടാക്കുന്ന മാറ്റം. ഇന്ത്യയ്ക്ക് അതുകൊണ്ടുണ്ടാകുന്ന നേട്ടം സങ്കൽപിക്കാവുന്നതിലും അപ്പുറമാണ്. ഗഗൻയാൻ പരീക്ഷണത്തിനൊപ്പം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ബഹിരാകാശ പദ്ധതികൾ ഈ ലക്ഷ്യം മുൻനിറുത്തിയുള്ലതാണ്.