ഇന്ത്യൻ വ്യോമസേനയിൽ സയൻസ് ഇതര വിഷയങ്ങളിലെ അഗ്നിവീർ (Agniveervayu Intake 01/2026) തിരഞ്ഞെടുപ്പിനു റിക്രൂട്മെന്റ് റാലി നടത്തുന്നു. ഓഗസ്റ്റ് 27 മുതലാണ് റാലി. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കുമാണ് അവസരം. 4 വർഷത്തേക്കാണു നിയമനം. കേരളത്തിൽ നിന്നുള്ള പുരുഷൻമാർക്ക് ഓഗസ്റ്റ് 30, 31 തീയതികളിലും വനിതകൾക്ക് സെപ്റ്റംബർ 5, 6 തീയതികളിലും ചെന്നൈയിലാണ് റാലി. ചെന്നൈ താംബരം എയർഫോഴ്സ് സ്റ്റേഷനാണ് (8 എയർമെൻ സിലക്ഷൻ സെന്റർ) റിക്രൂട്മെന്റ് റാലി വേദി.
∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 50% മാർക്കോടെ ഇന്റർമീഡിയറ്റ്/പ്ലസ്ടു ജയം/ തത്തുല്യം. ഇംഗ്ലിഷിന് 50% മാർക്ക് വേണം.
അല്ലെങ്കിൽ
50% മാർക്കോടെ 2 വർഷ വൊക്കേഷനൽ കോഴ്സ് ജയം. ഇംഗ്ലിഷിന് 50% മാർക്ക് വേണം. വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ്ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് വേണം.
അല്ലെങ്കിൽ
50% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ ജയം (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഓട്ടോമൊബീൽ/കംപ്യൂട്ടർ സയൻസ്/ ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഐടി). ഇംഗ്ലിഷിന് 50% മാർക്ക് വേണം. ഡിപ്ലോമ തലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ്ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് വേണം.
∙പ്രായം: 2005 ജനുവരി ഒന്നിനും 2008 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. (രണ്ടു തീയതികളും ഉൾപ്പെടെ). എൻറോൾ ചെയ്യുമ്പോൾ പ്രായപരിധി 21.
∙ശാരീരികയോഗ്യത: ഉയരം: പുരുഷന്മാർക്ക്: കുറഞ്ഞത് 152 സെ.മീ. സ്ത്രീകൾക്ക്: 152 സെ.മീ. പുരുഷൻമാർക്കു നെഞ്ചളവ് 77 സെന്റിമീറ്റർ. കുറഞ്ഞത് അഞ്ചു സെ.മീ. വികസിപ്പിക്കാൻ കഴിയണം. തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം.
∙കാഴ്ച യോഗ്യത: കാഴ്ചശക്തി: ഓരോ കണ്ണിനും 6/12, (കണ്ണടയോടെ 6/6). ദീർഘദൃഷ്ടി: +2.0D ഹ്രസ്വദൃഷ്ടി: 1D (± 0.50 D വിഷമദൃഷ്ടി ഉൾപ്പെടെ), കളർ വിഷൻ: CP-II)
∙തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളുള്ള ഫിസിക്കൽ ഫിറ്റ്നെസ് ടെസ്റ്റ്, എഴുത്തുപരീക്ഷ എന്നിവ നടത്തും. അഡാപ്റ്റബിലിറ്റി ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുമുണ്ട്. ഒന്നാം ഘട്ട കായികക്ഷമതാ പരീക്ഷയിൽ 1.6 കി.മീ. ഓട്ടം പൂർത്തിയാക്കണം.(പുരുഷൻമാർ 7 മിനിറ്റിനും വനിതകൾ 8 മിനിറ്റിനും ഉള്ളിൽ)
രണ്ടാം ഘട്ട ശാരീരികക്ഷമതയിൽ പുരുഷൻമാർ ഒരു മിനിറ്റിനുള്ളിൽ 10 പുഷപ്, 10 സിറ്റപ്, 20 സ്ക്വാട്സ് എന്നിവയും വനിതകൾ 10 സിറ്റപ് (ഒന്നര മിനിറ്റിൽ), 15 സ്ക്വാട്സ് (ഒരു മിനിറ്റിൽ) എന്നിവയും പൂർത്തിയാക്കണം. 45 മിനിറ്റ് ദൈർഘ്യമുള്ള ഒബ്ജെക്ടീവ് പരീക്ഷയും റാലി ദിവസം തന്നെ നടത്തും.
വിജ്ഞാപനത്തിന്റെ വിശദവിവരങ്ങളും റാലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഹാജരാക്കേണ്ട രേഖകളും ഉൾപ്പെടെയുള്ള നിർദേശങ്ങളും https://agnipathvayu.cdac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
