

കാലവർഷ മേഘങ്ങൾ ആൻഡമാൻ കടൽ തൊട്ടു. ഇന്ന് മുതൽ കേരളത്തിൽ മൺസൂൺ പൂർവകാല മഴ ( Pre Monsoon Rainfall ) ലഭിച്ചു തുടങ്ങും. തൊട്ടു പിന്നാലെ തന്നെ മൺസൂണും എത്തുമെന്നാണ് പ്രവചനം. ആൻഡമാനിൽ എത്തിയ ശേഷം രണ്ടാഴ്ചയ്ക്കകമാണ് കാലവർഷക്കാറ്റ് കേരള തീരം തൊടാറ്. 12 ദവസമാണ് സാധാരണ ഇടവേള. ഇത് പ്രകാരം ഒരാഴ്ച മുൻപ് മഴക്കാലം തുടങ്ങുമെന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.
മെയ് 13 ന് തന്നെ തെക്ക് പടിഞ്ഞാറൻ കാലവർഷം ഇന്ത്യൻ മേഖലയിലെ തുടക്കമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) അറിയിച്ചത്.
തെക്കൻ ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹങ്ങളുടെ ഭാഗങ്ങളിലും മഴക്കാറ്റ് തൊട്ടു. ഈ നിലയിൽ മെയ് 27 ഓടെ തന്നെ കാലവർഷ കാറ്റ് കേരളം തൊടണം. ഈ നൂറ്റാണ്ടിൽ ഇതുവരെയുള്ള വർഷങ്ങളിൽ മൺസൂൺ ഏറ്റവും നേരത്തെ എത്തിയത് 2004ൽ ആയിരുന്നു. അന്ന് മേയ് 18 ന് കാലവർഷം കേരളത്തിലെത്തി.
ഇതര ഘടങ്ങളുടെ സ്വാധീനം ഉണ്ടായാൽ മെയ് 27 എന്നത് ഒരാഴ്‌ച മുന്നോട്ടോ പിന്നോട്ടോ മാറിയാവും എത്തുക. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാവുന്ന ന്യൂനമർദ്ദം, ദക്ഷിണാർദ്ദ ഗോളത്തിൽ നിന്ന് വടക്ക് പടിഞ്ഞാൻ ദിശയിൽ ഭൂമധ്യരേഖ കടന്ന് കിഴക്കോട്ട് വീശുന്ന കാറ്റ് ഇതെല്ലാം സ്വാധീനിക്കാവുന്ന ഘടകങ്ങളാണ്.
ഇന്നുമുതൽ ഒറ്റപ്പെട്ട മഴയാണ് കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്രതീക്ഷിക്കേണ്ടത്. മെയ് 20 മുതൽ കേരളത്തിൽ കൂടുതൽ ജില്ലകളിൽ മഴ സജീവമാകും. ഇരുപതിനും 26നും ഇടയിൽ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യത. ഇന്നുമുതൽ മഴ പല ജില്ലകളിലായി ലഭിച്ചു തുടങ്ങുമെങ്കിലും കേരളത്തിൽ ചൂടിന് കുറവ് പ്രതീക്ഷിക്കാനാവില്ല. എല്ലാ ജില്ലകളിലും പകൽ കൂടിയ ചൂട് തുടരും.
ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അനുഭവപ്പെടുന്ന കാറ്റിനേയും അതിനോടനുബന്ധിച്ച് ഉണ്ടാവുന്ന മഴയേയുമാണ് തെക്കുപടിഞ്ഞാറൻ കാലവർഷം, ഇടവപ്പാതി, തെക്കുപടിഞ്ഞാറൻ മൺസൂൺ എന്നിങ്ങനെ വിളിക്കുന്നത്.
ജൂൺ ഒന്ന് മുതൽ സെപ്‌തംബർ 30 വരെയാണ് ഇടവപ്പാതി കാലം. ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ ലഭിക്കുന്ന വടക്കു കിഴക്കൻ മൺസൂണിനെയാണ് തുലാവർഷം എന്ന് പറയുന്നത്. മാർച്ച് മുതൽ മെയ് വരെ സമയത്ത് പെയ്യുന്നത് വേനൽ മഴ എന്ന പ്രീമൺസൂണാണ്.
ഈ വർഷം ജൂൺ മുതൽ സപ്‌തംബർ വരെ ഇത്തവണ കൂടുതൽ മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ. കേരളത്തിന് താരതമ്യേന മികച്ച വേനൽ മഴ ലഭിച്ച വർഷവുമാണിത്. കഴിഞ്ഞ വർഷം ജൂൺ മുതലുളള ഇടവപ്പാതിക്കാലത്ത് 1748.1 മില്ലി മീറ്റർ മഴ ലഭിച്ചിരുന്നു. വടക്കൻ ജില്ലകളിലാണ് കൂടുതൽ ലഭിച്ചത്. സാധാരണഗതിയിൽ കേരളത്തിൽ ലഭിക്കുന്ന മഴയുടെ 70 ശതമാനത്തോളം ലഭിക്കുക ഇടവപ്പാതിയിൽ നിന്നാണ്.