ഓഫീസുകളിലെ എല്ലാബോര്‍ഡുകളും മലയാളത്തിലും ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്. ബോര്‍ഡുകളുടെ ആദ്യ നേര്‍പകുതി മലയാളത്തിലും ബാക്കിഭാഗം ഇംഗ്ലീഷിലും ഒരേവലുപ്പത്തില്‍ പ്രദര്‍ശിപ്പിക്കണം. വാഹനങ്ങളുടെ ബോര്‍ഡുകള്‍ മുന്‍വശത്ത് മലയാളത്തിലും പിന്‍വശത്ത് ഇംഗ്ലീഷിലും ഒരേവലുപ്പത്തില്‍ എഴുതണം.
ഭരണഭാഷ പൂര്‍ണമായും മലയാളമാക്കാനുള്ള ഉത്തരവുകളും നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന് ഭരണപരിഷ്‌കാരവകുപ്പ് (ഔദ്യോഗികഭാഷ) സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു.
ഓഫീസ് മുദ്രകള്‍, ഉദ്യോഗസ്ഥരുടെ പേരും ഔദ്യോഗിക പദവിയുമടങ്ങുന്ന തസ്തികമുദ്രകള്‍ എന്നിവ മലയാളത്തില്‍കൂടി തയ്യാറാക്കണം. ഹാജര്‍പുസ്തകം, സ്യൂട്ട് രജിസ്റ്റര്‍ തുടങ്ങി ഓഫീസുകളിലെ എല്ലാ രജിസ്റ്ററുകളും മലയാളത്തില്‍ തയ്യാറാക്കണം. ഫയലുകള്‍ പൂര്‍ണമായും മലയാളത്തില്‍ കൈകാര്യംചെയ്യണം.
ഭരണഭാഷാ ഉപയോഗം സംബന്ധിച്ച് സര്‍ക്കാരിന്റെ മുന്‍ ഉത്തരവുകളിലെ ഏഴു സാഹചര്യങ്ങളിലും ന്യൂനപക്ഷഭാഷകളായ തമിഴ്, കന്നഡ എന്നിവ ഉപയോഗിക്കേണ്ട സാഹചര്യങ്ങളിലുമൊഴികെ ഫയല്‍നടപടി പൂര്‍ണമായും മലയാളത്തിലായിരിക്കണം. ഇംഗ്ലീഷ്/ന്യൂനപക്ഷഭാഷയില്‍ കത്തുകള്‍ തയാറാക്കുമ്പോള്‍ കുറിപ്പുഫയല്‍ മലയാളത്തിലായിരിക്കണം. മലയാളദിനപത്രങ്ങള്‍ക്കുള്ള പരസ്യങ്ങള്‍, ടെന്‍ഡര്‍ ഫോറങ്ങള്‍ എന്നിവ പൂര്‍ണമായും മലയാളത്തില്‍ നല്‍കണം.