ഓട്ടോമാറ്റിക് ഗേറ്റുകളില്‍ അപകടം പതിയിരിപ്പുണ്ട്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നൂതന സാങ്കേതിക വിദ്യകളെല്ലാം തന്നെ മനുഷ്യന്റെ ജീവിതം ലളിതവും സുഖകരവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ്. കംപ്യൂട്ടറുകൾ, ക്ലീനിങ് റോബോട്ടുകൾ, മറ്റ് സ്‌മാർട്ട് ഹോം ഉപകരണങ്ങൾ എന്നിവയെല്ലാം അതിനൊരു ഉദാഹരണമാണ്. ഓട്ടോമാറ്റിക് ഗേറ്റുകളും അതേ ആവശ്യത്തിന് തന്നെ. റിമോട്ട് ഉപയോഗിച്ച് തുറക്കുന്ന ഗേറ്റുകൾ കൈകാര്യം ചെയ്യാൻ എളുപ്പമാണ്. വാഹനങ്ങളുപയോഗിക്കുന്നവർക്ക് അതിൽ നിന്ന് ഇറങ്ങാതെയും വീട്ടിലുള്ളവർക്ക് വീട്ടിൽ നിന്ന് മുറ്റത്തിറങ്ങാതെയും ഗേറ്റ് അടയ്ക്കാനും തുറക്കാനുമാവും.

എന്നാൽ എല്ലാ സാങ്കേതിക വിദ്യകളേയും പോലെ തന്നെ ഓട്ടോമാറ്റിക് ഗേറ്റുകളും മനുഷ്യരുടെ കൃത്യമായ മേൽനോട്ടത്തിലും ശ്രദ്ധയിലും പ്രവർത്തിപ്പിക്കേണ്ടവയാണ്. അത് ശരിയായ രീതിയിലാണ് ഘടിപ്പിച്ചിട്ടുള്ളതെന്നും ഉപയോഗിക്കുന്നതെന്നും സംരക്ഷിക്കുന്നതെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്.

വൈദ്യുതിയിലും മോട്ടോർ ഉപയോഗിച്ചും റിമോട് കൺട്രോൾ ഉപയോഗിച്ചും പ്രവർത്തിപ്പിക്കുന്നതാണ് ഓട്ടോമാറ്റിക് ഗേറ്റുകൾ. ഇവ ഉപയോഗിക്കുമ്പോൾ കുട്ടികൾക്കും മുതിർന്നവർക്കും പുറമെ വീട്ടിലെ മൃഗങ്ങൾക്കും വരെ അപകടമുണ്ടാകാം. സുരക്ഷിതത്വം ഉറപ്പാക്കാൻ നല്ലശ്രദ്ധ വേണം.

സുരക്ഷാ മുന്നറിയിപ്പില്ലാത്ത ഗേറ്റുകൾ

സെൻസറുകൾ ഘടിപ്പിച്ച ഓട്ടോമാറ്റിക് ഗേറ്റുകൾ എന്തെങ്കിലും സുരക്ഷാ പ്രശ്‌നമുണ്ടെങ്കിൽ അവ ഉടമയെ അറിയിക്കാൻ സാധിക്കും. എന്നാൽ അടയ്ക്കാനും തുറക്കാനും മാത്രം റിമോട്ടോ സ്വിച്ചോ ഉപയോഗിച്ച് ചെയ്യാവുന്ന ഗേറ്റുകളിൽ ഇതുണ്ടാകണമെന്നില്ല. ഇവ വലിയ അപകടം ക്ഷണിച്ചുവരുത്താം. സെൻസറുകളുണ്ടെങ്കിൽ അവ ഓട്ടോ റിവേഴ്‌സ് പ്രവർത്തിപ്പിച്ച് ഗേറ്റ് തിരികെ തുറന്നിടുന്നതിന് ഉപകരിക്കും.

ഹാക്ക് ചെയ്യപ്പെടാൻ സാധ്യത

ആപ്പുകളിലൂടെയോ മറ്റോ നിയന്ത്രിക്കാവുന്ന ഗേറ്റുകൾ ഹാക്ക് ചെയ്യപ്പെടാം. അതായത് ഇതിന്റെ നിയന്ത്രണം കൈയാളുന്ന മറ്റൊരാൾക്ക് ഗേറ്റ് പ്രവർത്തിപ്പിക്കാൻ കഴിയും. ഇങ്ങനെ സംശയം തോന്നിയാൽ കൃത്യമായി ഓട്ടോമാറ്റിക് ഗേറ്റ് റിപ്പയർ ചെയ്യുന്നവരുടെ സഹായം തേടാൻ മടിക്കരുത്.

ഗേറ്റിനിടയിൽ കുടുങ്ങാം

കുട്ടികൾക്ക് മാത്രമല്ല വളർത്തുമൃഗങ്ങൾക്കും ശരീരത്തിന് ബലക്കുറവുള്ല മുതിർന്നവർക്കും ശ്രദ്ധിച്ചില്ലെങ്കിൽ ഗേറ്റിനിടയിൽ പെട്ട് അപകടമുണ്ടാകാം. ഇവ പ്രവർത്തിപ്പിക്കുന്ന സമയത്ത് ഇത്തരം ആളുകൾ സമീപത്ത് നിൽക്കാതെ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ഷോക്കേൽക്കുക

വൈദ്യുതികൊണ്ട് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് ഗേറ്റിൽ നിന്ന് തീർച്ചയായും വൈദ്യുതാഘാത ഭീഷണിയുണ്ട്. മോശം കാലാവസ്ഥയുള്ല സമയത്ത് ഇക്കാര്യം ശ്രദ്ധിക്കണം. സ്‌പാർക് മുതലായവ ഉണ്ടായി തീപിടിത്ത സാദ്ധ്യതയും അറിയണം. ലോഹനിർമ്മിതമാണ് ഇത്തരം ഗേറ്റുകൾ എന്നതിനാലാണിത്.

പ്രാണിശല്യം

ഓട്ടോമാറ്റിക് ഗേറ്റുകളുടെ ഇരുവശവും സെൻസറുകളുണ്ട്. ഇവയിൽ വരുന്ന സന്ദേശമനുസരിച്ചാണ് ഗേറ്റ് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത്. എന്നാൽ പ്രാണികൾ കൂടുകൂട്ടുകയോ മറ്റോ ചെയ്ത് സെൻസറുകൾ പ്രവർത്തിക്കാതെ വന്നാൽ നിങ്ങളെയോ നിങ്ങളുടെ വാഹനത്തെയോ ഗേറ്റിന് തിരിച്ചറിയാൻ കഴിയില്ല. അതുവഴി പ്രശ്‌നമുണ്ടാകാം. പ്രാണിശല്യം അകറ്റാൻ വിദഗ്ദ്ധരുടെ സഹായം തേടാം. ഇതുവഴി സെൻസറുകൾക്ക് കേടുപാടില്ലാതെ പ്രാണികളെ അകറ്റാം.

അടയ്ക്കുമ്പോഴും തുറക്കുമ്പോഴും വലിയ ശബ്ദം

നാളുകളോളം ഗേറ്റ് തുറക്കുകയും അടയ്ക്കുകയും ചെയ്യുമ്പോൾ ഇവയ്ക്ക് ചെറിയ മാറ്റങ്ങളുണ്ടാകുകയും ശബ്ദം ഉയരുകയോ പ്രവർത്തിക്കാതാകുകയോ ചെയ്യാം. ശബ്‌ദത്തിൻ്റെ കാരണം ഒരു ടെക്‌നീഷ്യനെ കാണിച്ച് പരിശോധിച്ച് പരിഹരിക്കുന്നതാണ് ഉചിതം. ഗേറ്റിൻ്റെ സുഗമമായ നീക്കത്തിന് ആവശ്യമെങ്കിൽ എണ്ണയടക്കം ലേപനങ്ങൾ നൽകണം.

വൈദ്യുതി തടസം കൊണ്ടുള്ള പ്രശ്‌ങ്ങൾ

വൈദ്യുതി തടസം നേരിട്ടാൽ ഗേറ്റ് ചിലപ്പോൾ തുറക്കാനോ ഇനി തുറന്ന ഗേറ്റുകളെങ്കിൽ അവ അടയ്ക്കാനോ കഴിഞ്ഞേക്കില്ല. ഇങ്ങനെ പ്രശ്‌നമുണ്ടാകാതിരിക്കാൻ ഓട്ടോമാറ്റിക് മോഡിൽ നിന്ന് ഇടയ്ക്കിടെ മാനുവൽ മോഡിലേക്ക് ഗേറ്റിൻ്റെ പ്രവർത്തനം മാറ്റണം.

കൃത്യമായ അറ്റകുറ്റപണി

ഗേറ്റുകൾ ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കുമ്പോഴുള്ള പ്രശ്‌നമകറ്റാൻ നിശ്ചിത കാലയളവിൽ പരിശോധനയും എന്തെങ്കിലും പ്രശ്നം കണ്ടാൽ ഉടനെ അറ്റകുറ്റപണി നടത്തുകയും വേണം. നല്ല കമ്പനിയുടെ ഉപകരണങ്ങൾ വാങ്ങി ഘടിപ്പിച്ച ഗേറ്റാണെങ്കിൽ കുഴപ്പങ്ങൾ കുറയുകയും ഏറെനാൾ നിലനിൽക്കുകയും ചെയ്യും എന്നതും ഓർക്കുക.