ബഹിരാകാശത്ത് വച്ച് മരിച്ചാൽ എന്താണ് സംഭവിക്കുകയെന്നറിയാമോ? ഭൂമിക്ക് പുറത്ത് വച്ച് മരണം സംഭവിച്ചാൽ മൃതദേഹത്തിന് എന്തുസംഭവിക്കുമെന്ന് നോക്കാം..
ചന്ദ്രനിൽ വച്ച് മരിച്ചാൽ
ചാന്ദ്രദൗത്യത്തിനായി എത്തിയപ്പോഴാണ് മരിക്കുന്നതെങ്കിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒപ്പമുള്ള ക്രൂ അംഗങ്ങൾക്ക് മൃതദേഹം ഭൂമിയിലേക്ക് അയക്കാൻ സാധിക്കും.
ചൊവ്വയിൽ വച്ച് മരിച്ചാൽ
ചൊവ്വയിലേക്കുള്ള യാത്രക്കിടെ മരണം സംഭവിക്കുകയാണെങ്കിൽ ക്രൂ അംഗങ്ങളുടെ ദൗത്യം പൂർത്തിയായി അവർ തിരികെ വരുമ്പോൾ മാത്രമേ മൃതദേഹം ഭൂമിയിലേക്ക് എത്തൂ. ഭൂമിയിൽ നിന്ന് 300 മില്യൺ മൈൽ അകലെയാണ് ചൊവ്വ. അതുകൊണ്ട് ചൊവ്വയിലേക്ക് പുറപ്പെടുന്നവർ കുറച്ച് വർഷങ്ങൾക്ക് ശേഷമായിരിക്കും തിരിച്ചുവരൂ. ഇതിനിടെ മരണം സംഭവിച്ചാൽ മൃതദേഹം ഭൂമിയിലെത്തിക്കുക എന്നത് ദൗത്യത്തിന് അവസാനം മാത്രമാകും.
മൃതദേഹം സൂക്ഷിക്കുന്നതെങ്ങനെ?
ബഹിരാകാശത്ത് വച്ച് മരണം സംഭവിച്ചാൽ മൃതദേഹം ഭൂമിയിലേക്ക് എത്തിക്കാൻ വൈകുന്ന സാഹചര്യമാണെങ്കിൽ പ്രത്യേകം ചേമ്പറിലാക്കി സൂക്ഷിക്കുകയാണ് ചെയ്യുക. അതുമല്ലെങ്കിൽ പ്രത്യേകം തയ്യാറാക്കിയ ബോഡി ബാഗിൽ മൃതദേഹം സൂക്ഷിക്കും.
സ്പേസ് സ്യൂട്ട് ഇല്ലാതെ ബഹിരാകാശത്ത് നടന്നാൽ?
ഭൂമിക്ക് പുറത്തേക്ക് കടന്നതിന് ശേഷം ബഹിരാകാശ നടത്തം ആഗ്രഹിച്ച് സ്പേസ് സ്യൂട്ട് ഇല്ലാതെ ഇറങ്ങുന്നത് ജീവന് ഭീഷണിയാണ്. ബഹിരാകാശത്ത് വായുവില്ല, ശൂന്യമായ അവസ്ഥയായതിനാൽ സ്പേസ് സ്യൂട്ടില്ലാതെ ഇറങ്ങുന്ന ബഹിരാകാശ സഞ്ചാരി ശ്വാസംമുട്ടി മരിക്കുന്നതാണ്. അതുമല്ലെങ്കിൽ യുവി രശ്മികളും മറ്റും ദേഹത്ത് തട്ടി വെന്തുമരിക്കാനുള്ള സാധ്യതയും ഏറെയാണ്.
60 വർഷം മുമ്പാണ് മനുഷ്യൻ ബഹിരാകാശ ദൗത്യങ്ങൾ ആരംഭിച്ചത്. ഇതിനോടകം വിവിധ ദൗത്യങ്ങൾക്കായി പോയ 20 ബഹിരാകാശ സഞ്ചാരികൾ മരിച്ചിട്ടുണ്ട്. 1986ലെയും 2003ലെയും നാസയുടെ ബഹിരാകാശ ദൗത്യങ്ങളിൽ 14 പേർ മരിച്ചു. 1971ലെ സോയസ് 11 ദൗത്യത്തിൽ മൂന്ന് സഞ്ചാരികളാണ് മരിച്ചത്. 1967ലെ അപ്പോളോ 1 ലോഞ്ച് പാഡ് തീപിടിത്തത്തിൽ മൂന്ന് പേരും മരിച്ചിരുന്നു.