കോളനി എന്ന വാക്ക് ഒഴിവാക്കാനുള്ള ഉത്തരവ് പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് ഇറക്കിയതോടെ കോട്ടയം ജില്ലയിലെ 1181 കോളനികൾ ഇല്ലാതാകും. അംബേദ്കർ കോളനി എന്നത് ഇനിമുതൽ അംബേദ്കർ നഗർ എന്നറിയപ്പെടും. കോളനി, സങ്കേതം, ഊര് എന്നീ പദങ്ങൾക്ക് പകരം നഗർ, ഉന്നതി, പ്രകൃതി എന്നീപേരുകൾ സ്വീകരിക്കും.
ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ 377 കോളനികളും 647 സങ്കേതങ്ങളും 20 സെറ്റിൽമെൻ്റ് കോളനികളുമാണുള്ളത്. അഞ്ചിനും 10-നും ഇടയിൽ പട്ടികജാതി കുടുംബങ്ങൾ ഒന്നിച്ചുതാമസിക്കുന്ന ഇടമാണ് സങ്കേതമെന്നറിയപ്പെടുന്നത്. 10-ൽ അധികം കുടുംബങ്ങൾ ഉള്ളിടങ്ങളെയാണ് കോളനികളെന്നു അറിയപ്പെടുന്നത്. പുനരധിവസിപ്പിക്കുന്ന ജനങ്ങളിൽ പട്ടികജാതി വിഭാഗങ്ങൾ ഭൂരിപക്ഷമുള്ള സെറ്റിൽമെൻ്റ് കോളനികളും പട്ടികജാതി വികസന വകുപ്പിന് കീഴിലുണ്ട്.
മാടപ്പള്ളി, കാഞ്ഞിരപ്പള്ളി, പള്ളം, വാഴൂർ, പാമ്പാടി, കടുത്തുരുത്തി, വൈക്കം, ഉഴവൂർ, ളാലം, ഏറ്റുമാനൂർ ബ്ലോക്കുകളിലും കോട്ടയം മുനിസിപ്പാലിറ്റിയുടെ കീഴിലുമായി 11 പട്ടികജാതി വികസന ബ്ലോക്ക് ഓഫീസുകളും പ്രവർത്തിക്കുന്നുണ്ട്. ജില്ലാ ഓഫീസായ കാഞ്ഞിരപ്പള്ളിയിലെ ഐ.ടി.ഡി.പി. (ഇൻ്റഗ്രേറ്റഡ് ട്രൈബൽ ഡെവല്പെമെന്റ് പ്രോജക്ട്) ഓഫീസിനു കീഴിൽ 137 പട്ടികവർഗ കോളനികളാണുള്ളത്. ജില്ലാ ഓഫീസിനു കീഴിൽ വൈക്കം, പുഞ്ചവയൽ, മേലുകാവ് ട്രൈബൽ എക്സ്റ്റഷൻ ഓഫീസുകൾ ജില്ലയിൽ പ്രവർത്തിക്കുന്നു. ലക്ഷംവീട് കോളനികളുടെ കാര്യത്തിൽ പേരുമാറ്റത്തിന് സാധ്യതയില്ല.
ഹരിജൻ വെൽഫെയർ സ്കൂളുകളുടെ പേരിനൊപ്പമുള്ള ഹരിജൻ എന്ന വാക്ക് മാറ്റണമെന്ന ഉത്തരവ് പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന് നൽകിയിട്ട് രണ്ടുവർഷം പിന്നിട്ടു. ഇപ്പോഴും സ്കൂളിന്റെ പേരിനൊപ്പം ഹരിജൻ എന്ന വാക്കുചേർത്ത് ഉപയോഗിക്കുന്നുണ്ട്. ഇതുമാറ്റാൻ ഇനിയും കാലതാമസം വരുന്ന സർക്കാർ സംവിധാനത്തിൽ ഈ മാറ്റം എത്രത്തോളം വേഗത്തിൽ സാധ്യമാകുമെന്ന ആശങ്കയും പട്ടികജാതി ജനവിഭാഗങ്ങൾ പങ്കുവെക്കുന്നുണ്ട്.