സംസ്ഥാനത്തെ 32 സ്‌കൂളുകൾ മിക്‌സഡ് സ്‌കൂളുകളായി

ആൺകുട്ടികളോ പെൺകുട്ടികളോ മാത്രം പഠിച്ചിരുന്ന സംസ്ഥാനത്തെ 32 സ്കൂളുകള്‍ ഇന്ന് മുതൽ മിക്സഡ് സ്കൂൾ ആയി മാറി. നേരത്തെ ബോയ്സ് ഒൺലിയായിരുന്ന സ്കൂളുകളിൽ പെൺകുട്ടികൾക്ക് ടോയ്‍ലറ്റുകൾ ഉൾപ്പടെ പ്രത്യേകം സൗകര്യമൊരുക്കിയാണ് പ്രവേശനം നൽകിയത്. ചിലയിടത്ത് ചെറിയ എതിർപ്പുകളുണ്ടായെങ്കിലും ഇത് പുതിയ ചുവടുവെയ്പ്പായാണ് ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് പഠിക്കുന്ന രീതിയിലേക്കുള്ള മാറ്റത്തെ കാണുന്നത്.

കേരളത്തിൽ അടുത്ത അധ്യയനവർഷം മുതൽ മിക്സഡ് സ്കൂളുകൾ മതിയെന്ന ബാലാവകാശ കമ്മീഷൻ ശുപാർശയാണ് ഒരു വർഷത്തിനുള്ളിൽ നടപ്പായത്. സഹവിദ്യാഭ്യാസം നടപ്പാക്കാനായി ബോയ്സ്, ഗേൾസ് സ്കൂളുകൾ എന്നീ വിഭജനം മാറ്റണമെന്നായിരുന്നു ശുപാർശ. വിവിധ പഠനങ്ങളെ ചൂണ്ടിക്കാട്ടി ലിംഗസമത്വം ശരിയായ രീതിയിൽ മനസ്സിലാക്കി പരസ്പരം അംഗീകരിക്കുന്നതിനും ബഹുമാനിക്കുന്നതിനും നല്ല വ്യക്തിത്വം രൂപീകരിക്കുന്നതിനും ആ‌ൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിക്കണമെന്നാണ് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്.