എയിംസ്: പുതിയ കേന്ദ്ര മന്ത്രിമാരിൽ പ്രതീക്ഷയര്‍പ്പിച്ച് വെള്ളൂർ

എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളുമുള്ള വൈക്കം വെള്ളൂരിൽ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, സ്വന്തം ജില്ലക്കാരനായ ജോർജ് കുര്യൻ എന്നിവരിൽ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് നാട്.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും എയിംസ്‌ സ്ഥാപിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. സ്ഥല, ഗതാഗതം ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളുള്ള വെള്ളൂരിന് പ്രഥമ പരിഗണന നൽകണം എന്നതാണ് നാടിന്‍റെ ആവശ്യം.

വെള്ളൂരിലെ സൗകര്യങ്ങൾ

  • 200 ഏക്കർ സ്ഥലമാണ് എയിംസിനായി വേണ്ടത്. വെള്ളൂരിൽ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെ.പി.പി.എല്ലിന്(കേരള പേപ്പർ പ്രോഡക്ട് ലിമിറ്റഡ്) 690.78 ഏക്കർ ഭൂമിയുണ്ട്. അതിൽ 160 ഏക്കർ കെ.ആർ.എല്ലിന്(കേരള റബ്ബർ ലിമിറ്റഡ്) വിട്ടുനൽകിയിട്ടുണ്ട്. മിച്ചമുള്ള ഭൂമിയിൽനിന്ന് എയിംസിനായി സ്ഥലം സംസ്ഥാന സർക്കാർ വിട്ടുനൽകണമെന്നാണ് ആവശ്യം
  • വെള്ളൂരിൽ ഗതാഗത സൗകര്യങ്ങൾ ഏറെയാണ്. റെയിൽ ഗതാഗതത്തിനായി പിറവം റോഡ് റെയിൽവേ സ്‌റ്റേഷനുണ്ട്. റോഡ് മാർഗം കോട്ടയം, എറണാകുളം റൂട്ടിൽ തലപ്പാറ, വെട്ടിക്കാട്ടുമുക്ക് എന്നിവിടങ്ങളിൽ നിന്ന് 5 കിലോമീറ്ററോളം സഞ്ചരിച്ചാൽ വെള്ളൂരിൽ എത്താം. കൊച്ചി വിമാനത്താവളത്തിലേക്ക് 56 കിലോമീറ്റർ ദൂരം.
  • ഒരിക്കലും വറ്റാത്ത ജല സ്രോതസായ മുവാറ്റുപുഴയാർ ഒഴുകുന്നത് വെള്ളൂരിലൂടെയാണ്.
  • കോട്ടയം, എറണാകുളം ജില്ലയുടെ അതിർത്തി പങ്കിടുന്ന സ്ഥലമാണ് വെള്ളൂർ
  • നേരേകടവ് – മാക്കേക്കടവ് പാലം നിർമാണം പൂർത്തീകരിക്കുന്നതോടെ ആലപ്പുഴ ജില്ലക്കാർക്കും ഇവിടേക്ക് എത്തിപ്പെടാൻ ഏറെ എളുപ്പമാണ്.

കേരളത്തിൽ ഏറ്റവുമധികം സാംക്രമിക രോഗികൾ ഉള്ളത് ആലപ്പുഴ, എറണാകുളം ജില്ലകളിലാണ്. ഈ രണ്ടു ജില്ലകളും വൈക്കം താലൂക്കുമായി അതിർത്തി പങ്കിടുന്നു. എയിംസിലൂടെ ഫലപ്രദമായ രോഗ നിവാരണം, പ്രതിരോധം എന്നിവ സാധ്യമാകും.

എയിംസ് വെള്ളൂരിൽ യാഥാർഥ്യമായാൽ അനേകം തൊഴിലവസരങ്ങൾ ഉണ്ടാകും. ഗതാഗതം, ജലം, വൈദ്യുതി, ഭൂമി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്ക് സർക്കാരിൻ്റേതായിതന്നെ സംവിധാനങ്ങൾ ഉള്ളതിനാൽ പണച്ചെലവും നിർമാണത്തിലുള്ള കാലതാമസവും കുറയ്ക്കാം. നാട്ടുകാർക്ക് ഹോംസ്റ്റേകൾ നിർമിക്കാനും മെഡിക്കൽ ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനും കഴിയും.