സാമൂഹികമാധ്യമങ്ങള് കേന്ദ്രീകരിച്ച് സാമ്പത്തികതട്ടിപ്പുകൾ കൂടി വരുന്നു. ചതിവരുന്ന വഴികളെക്കുറിച്ച്…
അപരിചിതരായ സ്ത്രീകളുടെ ഡി.പി.യുമായി, അധികവരുമാനം വാഗ്ദാനംചെയ്ത് വരുന്ന സന്ദേശങ്ങൾ. ഇത് സ്ത്രീയൊന്നുമാകില്ല. കംബോഡിയ, മ്യാൻമാർ, ലാവോസ് പോലുള്ള രാജ്യങ്ങളിൽനിന്ന് നമ്മുടെ അക്കൗണ്ടിലുള്ള പണം ലക്ഷ്യമിട്ട് ആരെങ്കിലും അയക്കുന്ന സന്ദേശമാകാമിത്. +62 എന്നു തുടങ്ങുന്ന നമ്പറിൽനിന്നാകാം ഇതെത്തുന്നത്. വെർച്വൽ നമ്പറാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നതെങ്കിൽ ഇന്ത്യയിൽ നിന്നുള്ള മൊബൈൽ നമ്പറെന്ന് തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയേറെ.
ജോലിയുടെ പേരിൽ
വീട്ടിലിരുന്ന് കുറച്ചുസമയം പണിയെടുത്താൽ അധികവരുമാനം നേടാനാകുമെന്നാണ് മിക്കതിലെയും വാഗ്ദാനം. ഡിജിറ്റൽ മാർക്കറ്റിങ് കമ്പനിയാണെന്ന് ധരിപ്പിച്ച് ഗൂഗിൾ മാപ്പിൽ റെസ്റ്ററൻ്റുകളുടെ റിവ്യൂ എഴുതുക, യുട്യൂബ് വീഡിയോ കാണുക, റീലുകൾക്ക് ലൈക്ക് നൽകുക തുടങ്ങി എളുപ്പമുള്ള ജോലികളാകും നിർദേശിക്കുക. ശമ്പളവും യോഗ്യതയും എല്ലാം വിശദീകരിച്ചിട്ടുണ്ടാകും. കഴിവു പരിശോധിക്കാൻ തുടക്കത്തിൽ ഒന്നോ രണ്ടോ ചെറുജോലികൾ തരും. ഇതു പൂർത്തിയായാൽ ബോണസെന്നോ പ്രാരംഭ ശമ്പളമാണെന്നോ പേരിൽ ചെറിയ തുക അക്കൗണ്ടിലേക്കു തരും. ഇതിനായി യു.പി.ഐ. സംവിധാനമാണ് ഉപയോഗിക്കാറ്. അവരിൽ വിശ്വാസമായെന്ന് തോന്നിയാൽ ജോലി തുടരുന്നതിന് നിശ്ചിതതുക അവരുടെ അക്കൗണ്ടിലേക്കു നൽകാൻ ആവശ്യപ്പെടും. ഈ പണം നൽകിയാൽപ്പിന്നെ അവരെ ബന്ധപ്പെടാൻ ഒരു വഴിയുമുണ്ടാകില്ല. പണം പോയെന്നുറപ്പിക്കാം. തട്ടിപ്പ് അറിഞ്ഞുവരുമ്പോഴേക്കും പണം വിവിധ രൂപത്തിലായി വേറെ അക്കൗണ്ടുകളിലേക്കു മാറിയിട്ടുണ്ടാകും.
പ്രതിസന്ധിയിൽപ്പെട്ട സുഹൃത്തുക്കൾ
ബന്ധുക്കളോ അടുത്ത സുഹൃത്തുക്കളോ എന്തെങ്കിലും അപകടത്തിലോ മറ്റു പ്രതിസന്ധികളിലോ പെട്ടെന്ന പേരിൽ പണമാവശ്യപ്പെട്ട് ഫെയ്സ്ബുക്കിലും വാട്സാപ്പിലും സന്ദേശം ലഭിച്ചാൽ അവരെ നേരിട്ടു വിളിച്ച് ഉറപ്പുവരുത്താതെ ഒരിക്കലും പണം കൊടുക്കരുത്. ചിലപ്പോൾ പരിചയമില്ലാത്ത നമ്പറിൽനിന്ന് നേരിട്ടുള്ള വിളിയുമാകാം. വിശ്വാസ്യതയ്ക്കായി അവരുടെ ഫോൺ പ്രവർത്തിക്കുന്നില്ലെന്നും മറ്റൊരാളുടെ ഫോണിൽനിന്നു വിളിക്കുകയാണെന്നുമൊക്കെയാകും മറുപടി. സൈബർ തട്ടിപ്പിന്റെ മറ്റൊരു രൂപമാണിത്.
ഗിഫ്റ്റ് കാർഡ്
ഗിഫ്റ്റ് കാർഡ്, ഓൺലൈൻ സർവേ എന്നെല്ലാം പറഞ്ഞ് അപരിചിതരിൽ നിന്നെത്തുന്ന സന്ദേശങ്ങൾ തട്ടിപ്പിന്റെ ഭാഗമാകാൻ സാധ്യത കൂടുതലാണ്. അറിയപ്പെടുന്ന കമ്പനികളുടെയോ വ്യക്തികളുടെയോ ഒക്കെ പേരിലാകും ഈ സന്ദേശം. അവയുടെ വിശ്വാസ്യതവെച്ച് ലിങ്കിൽ കയറിയാൽ നമ്മുടെ പേരും മറ്റു സുപ്രധാന വ്യക്തിവിവരങ്ങളും തട്ടിപ്പുകാർ കൊണ്ടുപോകും.